Latest News

മഹാരാഷ്ട്രയിലേത് അവിശുദ്ധ സഖ്യം: സുപ്രിം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി

മുംബൈ സ്വദേശിയായ സുരേന്ദ്ര ഇന്ദ്രബഹാദൂര്‍ സിങ് ആണ് കോടതിയെ സമീപിച്ചത്.

മഹാരാഷ്ട്രയിലേത് അവിശുദ്ധ സഖ്യം: സുപ്രിം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലേത് അവിശുദ്ധ കൂട്ടുകെട്ടാണെന്ന പരാതിയുമായി മുബൈക്കാരന്‍ സുപ്രിം കോടതിയെ സമീപിച്ചു. പുതിയ കൂട്ടുകെട്ടുകളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതില്‍ നിന്ന് ഗവര്‍ണറെ വിലക്കണമെന്നാണ് ആവശ്യം. ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് പുതിയ നീക്കം. മുംബൈ സ്വദേശിയായ സുരേന്ദ്ര ഇന്ദ്രബഹാദൂര്‍ സിങ് ആണ് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പില്‍ പരസ്പരം മല്‍സരിച്ചിരുന്നവരാണ് ഇപ്പോള്‍ സഖ്യമുണ്ടാക്കി അധികാരത്തിലേറാന്‍ ശ്രമിക്കുന്നത്. ഇത് ജനവിധിയുടെ ലംഘനമാണ്, വഞ്ചനയാണ്. എല്ലാതിനുമുപരി ഭരണഘടനാ ലംഘനവുമാണ്- സുരേന്ദ്ര ഇന്ദ്രബഹാദൂറിന്റെ പരാതിയില്‍ പറയുന്നു.

ഒക്ടോബര്‍ 21 ന് ബിജെപിയും ശിവസേനയും ചേര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബിജെപിക്ക് 105 ഉം ശിവസേനയ്ക്ക് 56 ഉം സീറ്റും ലഭിച്ചു. പക്ഷേ, അധികാരം തുല്യമായി പങ്കുവയ്ക്കണമെന്ന തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നടന്നില്ല. പിന്നീടാണ് ഗവര്‍ണര്‍ ആദ്യം ശിവസേനയെയും തുടര്‍ന്ന് എന്‍സിപിയെയും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. പക്ഷേ, രണ്ടും പാതി വഴിയില്‍ പരാജയപ്പെട്ടു. തുടര്‍ന്നാണ് ഗവര്‍ണര്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശചെയ്യുകയും കേന്ദ്രം രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയും ചെയ്തത്.

ഇതാദ്യമയാണ് ഇത്തരമൊരു കേസ് സുപ്രിം കോടതി ഫയലില്‍ സ്വീകരിക്കുന്നത്. രൂപീകരിക്കാന്‍ പോകുന്ന സഖ്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയും ചില ഹരജികള്‍ വന്നിരുന്നെങ്കിലും സുപ്രിം കോടതി കേള്‍ക്കാന്‍ തയ്യാറായില്ല. പ്രമോദ് പണ്ഡിറ്റ് ജോഷി സമര്‍പ്പിച്ച ഹരജിയില്‍ ജനവിധിക്കെതിരേയുള്ള സഖ്യങ്ങള്‍ തടയണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മിലുളള സഖ്യം അസാന്മാര്‍ഗികമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബിജെപിയുടെയും ഇക്കാര്യത്തിലുള്ള നിലപാടുകള്‍ വ്യത്യസ്തമായിരുന്നില്ല. ഇപ്പോഴുണ്ടാക്കാന്‍ പോകുന്ന സഖ്യം അടിസ്ഥാനപരമായി അവസരമാദമാണെന്നായിരുന്നു നിതിന്‍ ഗഡ്ക്കരിയുടെ അഭിപ്രായം. ഈ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാലും ആറുമാസം തികക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.




Next Story

RELATED STORIES

Share it