Latest News

പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
X

മുംബൈ: മഹാരാഷ്ട്രയില്‍ പാല്‍ഘാറില്‍ കവര്‍ച്ചക്കാരെന്ന് ആരോപിച്ച് മൂന്നുപേരെ തല്ലിക്കൊന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 101 പേരില്‍ ആരും മുസ്‌ലിംകളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സംഭവത്തെ വര്‍ഗീയമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രി വസ്തുതകള്‍ വെളിപ്പെടുത്തി രംഗത്തുവന്നത്. മഹാരാഷ്ട്ര സിഐഡി വിഭാഗത്തിനാണ് കേസിന്റെ അന്വേഷച്ചുമതല.

''ഇതുവരെ 101 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതില്‍ ഒരാള്‍ പോലും മുസ്‌ലിമല്ല. സംഭവത്തിന് വര്‍ഗീയനിറം നല്‍കരുത്'' ആഭ്യന്തരമന്ത്രി പറഞ്ഞു. കൊവിഡ് സമയത്ത് സൂക്ഷിക്കേണ്ട സാമൂഹിക അകലത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി സംസാരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരാമര്‍ശം.

''ചില ആളുകള്‍ ദിവാസ്വപ്‌നം കാണുകയാണ്. ഇത് രാഷ്ട്രീയം കളിക്കാനുളള സമയമല്ല. മറിച്ച് കൊറോണയ്‌ക്കെതിരേ യോജിച്ച് യുദ്ധം ചെയ്യേണ്ട സമയാണ്''-അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുംബൈയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയാണ് കൊലപാതങ്ങള്‍ നടന്നത്. ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് സംഭവം നടന്നതെന്നും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യര്‍ത്ഥിച്ചു.

''വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണം. ഇതില്‍ ഹിന്ദു-മുസ്‌ലിം പ്രശ്‌നമോ വര്‍ഗീയതയോ ഇല്ല. രണ്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്''- മുഖ്യമന്ത്രിയുടെ ഓഫിസ് ്അറിയിച്ചു.

ഒരു ജനക്കൂട്ടം മൂന്നു പേരെ കല്ലും വടിയും കൊണ്ട് ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

നാസിക്കിലേക്ക് പോവുകയായിരുന്ന സുശീല്‍ഗിരി മഹാരാജ്, നിലേഷ് തെല്‍ഗാഡെ, ജയേഷ് തെല്‍ഗാഡെ എന്നിവരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കവര്‍ച്ചക്കാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിലൊരാള്‍ക്ക് 70 വയസ്സുണ്ട്.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലിസുകാര്‍ക്കു നേരെയും ആക്രമണമുണ്ടായി.

മുംബൈ സ്വദേശികളായ രണ്ടുപേരും െ്രെഡവറുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ 200ഓളം വരുന്ന ഗ്രാമവാസികള്‍ കല്ലെറിയുകയായിരുന്നു.


Next Story

RELATED STORIES

Share it