Latest News

ആശങ്ക പടര്‍ത്തി ഇന്‍ഡോറില്‍ രോഗം പെരുകുന്നു, ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത് 22 പേര്‍ക്ക്

ഇന്‍ഡോറിലെ കൊവിഡ് മരണനിരക്ക് വളരെ അധികമാണ്. അത് മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളേക്കാള്‍ അധികവുമാണ്. ഈ നഗരങ്ങളില്‍ ഇന്‍ഡോറിനേക്കാള്‍ മൂന്നിരട്ടി രോഗികളുണ്ട്.

ആശങ്ക പടര്‍ത്തി ഇന്‍ഡോറില്‍ രോഗം പെരുകുന്നു, ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത് 22 പേര്‍ക്ക്
X

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു. ഇന്നലെ മാത്രം ഇന്‍ഡോറില്‍ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 173 ആയി. ജില്ലയില്‍ മാത്രം 15 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ അറിയിച്ചു. മധ്യപ്രദേശില്‍ ആകെ രോഗബാധിതരുടെ എണ്ണം 229 ആണ്. അതില്‍ മുക്കാല്‍ പങ്കും ഇന്‍ഡോറില്‍ നിന്നാണ്.

ഇന്‍ഡോറിലെ കൊവിഡ് മരണനിരക്ക് വളരെ അധികമാണ്. അത് മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളേക്കാള്‍ അധികവുമാണ്. ഈ നഗരങ്ങളില്‍ ഇന്‍ഡോറിനേക്കാള്‍ മൂന്നിരട്ടി രോഗികളുണ്ട്.

രോഗബാധിതരെ കണ്ടെത്തുന്നതിലുള്ള കാലതാമസമാണ് മരണനിരക്ക് വര്‍ധിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറസ് ബാധയുടെ തീവ്രത, രോഗം മൂര്‍ച്ഛിച്ചശേഷമുള്ള ആശുപത്രി പ്രവേശം, രോഗബാധിതരുടെ ഉയര്‍ന്ന പ്രായം, ശ്വാസസംബന്ധമായ രോഗങ്ങള്‍ ഇതൊക്കെ ഇന്‍ഡോറില്‍ മരണനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. മധ്യപ്രദേശിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ഇന്‍ഡോര്‍.

മാര്‍ച്ച് 22 നാണ് ഇന്‍ഡോറില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 7 വരെ മുംബൈയില്‍ 618 പേര്‍ക്ക് രോഗം ബാധിച്ചു. അവിടെ മരിച്ചത് 39 പേരാണ്. ന്യൂഡല്‍ഹിയില്‍ 524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 8. മുംബൈയില്‍ മൊത്തം രോഗികളില്‍ രോഗം ബാധിച്ച മരിച്ചവര്‍ 6.3ശതമാനവും ന്യൂഡല്‍ഹിയില്‍ 1.5ശതമാനവുമാണ്. ഇന്‍ഡോറില്‍ ഇത് 8.6ശതമാനമാണ്.

ഇന്ത്യയില്‍ മറ്റിടങ്ങളില്‍ രോഗം ബാധിച്ചവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചവരാണ്. എന്നാല്‍ ഇന്‍ഡോറില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അവിടെ രോഗബാധിതര്‍ക്ക് ഇത്തരം യാത്രാചരിത്രങ്ങളൊന്നുമില്ല.

ഇന്‍ഡോറിലെ മിക്ക കേസിലും കൊവിഡിനേക്കാള്‍ മറ്റ് അസുഖങ്ങള്‍ കടുത്തതിനെ തുടര്‍ന്നാണ് മരണം നടന്നത്. പ്രമേഹം, അമിതവണ്ണം, ഹൈപ്പോ തൈറോയ്ഡ് ഇതൊക്കെ കാരണമായി. മരിച്ച മിക്കവര്‍ക്കും കടുത്ത നുമോണിയയും അനുഭവപ്പെട്ടിരുന്നു. അവരുടെ മരണത്തിന് വേഗം കൂട്ടിയത് ഇതാണെന്നാണ് മഹാത്മാഗാന്ധി മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ പറയുന്നത്. പന്നിപ്പനി വന്ന സമയത്തും ഇന്‍ഡോറില്‍ മരണനിരക്ക് അധികമായിരുന്നു. ടെസ്റ്റിങ് വര്‍ധിപ്പിക്കണമെന്നാണ് പൊതുവില്‍ വന്ന നിര്‍ദേശം.

രോഗം മൂര്‍ച്ഛിച്ചതിനുശേഷം ആശുപത്രിയിലെത്തുന്നതായിരിക്കാം ഉയര്‍ന്ന മരണനിരക്കിനുള്ള പ്രഥമിക കാരണമെന്നാണ് പൊതുവിലയിരുത്തല്‍. വളരെ ഇടുങ്ങിയ ജനങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെയും.



Next Story

RELATED STORIES

Share it