Latest News

കടുത്ത ശ്വാസകോശ രോഗികളില്‍ വിദേശയാത്ര നടത്താതെ കൊവിഡ് സ്ഥിരീകരിച്ചത് 38 ശതമാനം പേര്‍ക്കെന്ന് ഐസിഎംആര്‍; ഇന്ത്യ സാമൂഹ്യവ്യാപന ഭീഷണിയിലോ?

ഇന്ത്യയിലെ കൂടുതല്‍ കൊവിഡ് രോഗികളും വിദേശത്തുനിന്നു വന്നവരാണ്. ചിലര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരും. അവരെ കണ്ടെത്താനും ചികില്‍സിക്കാനും താരതമ്യേന എളുപ്പമാണ്. എന്നാല്‍ യാത്രാചരിത്രമില്ലാത്തവര്‍ രോഗം പരത്താന്‍ തുടങ്ങിയാല്‍ കണ്ടെത്തുക തുലോം പ്രയാസമാണ്.

കടുത്ത ശ്വാസകോശ രോഗികളില്‍ വിദേശയാത്ര നടത്താതെ കൊവിഡ് സ്ഥിരീകരിച്ചത്  38 ശതമാനം പേര്‍ക്കെന്ന് ഐസിഎംആര്‍; ഇന്ത്യ സാമൂഹ്യവ്യാപന ഭീഷണിയിലോ?
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ മേഖലയിലെ പരമോന്നത സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുതുതായി പുറത്തുവിട്ട കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് സാമൂഹ്യവ്യാപന സാധ്യതയിലേക്ക്. കടുത്ത ശ്വാസകോശ രോഗം ബാധിച്ചവരില്‍ നടത്തിയ കൊറോണ പരീക്ഷണത്തില്‍ പോസറ്റീവായ 38 ശതമാനം പേരും വിദേശയാത്ര നടത്തിയവരല്ലെന്നതാണ് സംശയങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്.

ഏകദേശം രണ്ടാഴ്ച മുമ്പ് ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അത്തരമൊരു സാധ്യത ഇന്ത്യയിലില്ലെന്ന നിലപാടിലായിരുന്നു ഐസിഎംആര്‍. കടുത്ത ശ്വാസകോശ രോഗമുള്ളവരില്‍ നടത്തിയ റാന്റം ടെസ്റ്റില്‍ നിന്ന് രോഗം സാമൂഹിക വ്യാപനത്തിലേക്കെത്തിയിട്ടില്ലെന്നാണ് അന്ന് ഐസിഎംആര്‍ വിശദീകരിച്ചത്. റാന്റം ടെസ്റ്റ് ഒഴിവാക്കി ഇത്തരത്തിലുള്ള എല്ലാ രോഗികളെയും പരിശോധിക്കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. രോഗബാധ നിര്‍ണായകഘട്ടത്തിലെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴും ഇന്ത്യയിലെ കൂടുതല്‍ കൊവിഡ് രോഗികളും വിദേശത്തുനിന്നു വന്നവരാണ്. ചിലര്‍ക്ക് അത്തരക്കാരുടെ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരും. അവരെ കണ്ടെത്താനും ചികില്‍സിക്കാനും അതുവഴി രോഗം നിയന്ത്രിക്കാനും താരതമ്യേന എളുപ്പമാണ്. എന്നാല്‍ യാത്രാചരിത്രമില്ലാത്തവര്‍ രോഗം പരത്താന്‍ തുടങ്ങിയാല്‍ കണ്ടെത്തുക തുലോം പ്രയാസമാണ്. അതിന്റെ പ്രഭവ കേന്ദ്രവും കണ്ടെത്താനാവില്ല. ഈ സാഹചര്യത്തെയാണ് മൂന്നാം ഘട്ടമെന്ന് പറയുന്നത്. ഇന്ത്യ ഈ ഘട്ടത്തിലാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഐസിഎംആര്‍ ഡാറ്റ അനുസരിച്ച് മാര്‍ച്ച് 14ന് മുന്‍പ് കടുത്ത ശ്വാസകോശരോഗമുള്ളവരില്‍ ആരും കൊവിഡ് പോസിറ്റീവ് ആയിരുന്നില്ല. എന്നാല്‍ ഐസിഎംആര്‍ നിലപാട് മാറ്റുകയും റാന്റം ടെസ്റ്റിന് പകരം എല്ലാ കടുത്ത ശ്വാസകോശരോഗമുളളവരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തതോടെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചു. ഐസിഎംആര്‍ രേഖ അനുസരിച്ച് മാര്‍ച്ച് 15നും 21നുമിടയില്‍ 106 പേരെ പരിശോധിച്ചപ്പോള്‍ 2 പേര്‍ക്ക് രോഗമുണ്ടായിരുന്നു.

22നും 28നുമിടയില്‍ വലിയ മാറ്റമുണ്ടായി. 2877 രോഗികളെ പരിശോധിച്ചപ്പോള്‍ 48 പേര്‍ക്ക് കൊറോണ പോസറ്റീവ് ആയിരുന്നു. അതായത് രോഗികളില്‍ 1.7ശതമാനം. മാര്‍ച്ച് 29-ഏപ്രില്‍ 2നുമിടയില്‍ 2069 രോഗികളില്‍ 54 പേര്‍ക്കും രോഗം ബാധിച്ചതായി കണ്ടു, അതായത് 2.6ശതമാനം.

മൊത്തം 5911 രോഗികളില്‍ 104 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി.

ഇതില്‍ 40 പേര്‍ക്കും വിദേശയാത്രയുടെ ചരിത്രമോ അത്തരം വ്യക്തികളുമായി സമ്പര്‍ക്കമോ ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ 36 ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍ മുഴുവനും. ഈ ജില്ലകളില്‍ അടിയന്തിര നടപടികള്‍ കൈകൊള്ളുകയെന്നതാണ് ഇനി ചെയ്യാവുന്നത്.

കടുത്ത ശ്വാസകോശരോഗമുള്ളവരില്‍ കൊറോണ സ്ഥിരീകരിച്ച 21 പേരും മഹാരാഷ്ട്രയില്‍ നിന്നാണ്. ഡല്‍ഹി 14, ഗുജറാത്ത് 13 എന്നിങ്ങനെയാണ് മറ്റുള്ളവ.

Next Story

RELATED STORIES

Share it