Latest News

എട്ടാം ക്ലാസ് പുനഃപരീക്ഷ; കൂടുതൽ ഹിന്ദിക്ക്

എട്ടാം ക്ലാസ്  പുനഃപരീക്ഷ; കൂടുതൽ  ഹിന്ദിക്ക്
X

തിരുവനന്തപുരം ∙ പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തതിനാൽ പ്രത്യേക ക്ലാസ് നൽകി പുനഃ പരീക്ഷ കൂടുതൽ നടത്തേണ്ടി വരുന്നത് ഹിന്ദി വിഷയത്തിന്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ 30% ആണ് മിനിമം മാർക്കായി നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 3136 സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഹൈസ്‌കൂളുകളിൽ എട്ടാം ക്ലാസ് പരീക്ഷ നടന്നതിൽ 2541 സ്‌കൂളുകളിലെ ഫലം ലഭ്യമായെന്നും 595 സ്‌കൂളുകളിലേതു ലഭിക്കാനുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതുപ്രകാരം ഏറ്റവും കൂടുതൽ കുട്ടികൾ വിജയിക്കാതിരുന്നത് ഹിന്ദിക്കാണ് (12.69%); കുറവ് ഇംഗ്ലിഷിനും (7.6%).

ഏറ്റവും കൂടുതൽ കുട്ടികൾക്ക് നിശ്ചിത ശതമാനം മാർക്ക് നേടാൻ കഴിയാതിരുന്നത് (ഇ ഗ്രേഡ് ലഭിച്ചത്) വയനാട് ജില്ലയിലാണ് 6.3%; കൊല്ലത്താണ് കുറവ് 4.2%. സംസ്ഥാനത്താകെ 2,24,175 ഇ ഗ്രേഡുകളാണ് വിവിധ വിഷയങ്ങളിലായി വിദ്യാർഥികൾക്കു ലഭിച്ചത്.

എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും 30% മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഇന്നു രക്ഷിതാക്കളെ അറിയിക്കും. ഈ കുട്ടികൾക്ക് നാളെ മുതൽ 24 വരെ പ്രത്യേക ക്ലാസുണ്ടാകും. രാവിലെ 9.30 മുതൽ 12.30 വരെയാണു സമയം. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളിൽ മാത്രം പങ്കെടുത്താൽ മതിയാകും. 25 മുതൽ 28 വരെ പുനഃപരീക്ഷ നടത്തും. 30നു ഫലം പ്രഖ്യാപിക്കും.


Next Story

RELATED STORIES

Share it