Latest News

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
X

തിരുമല: ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ അനില്‍ കുമാര്‍ സിംഗാല്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന അലിപിരിയിലും തിരുമലയിലും ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കിടയിലും റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നു.

ക്ഷേത്ര ഭാരവാഹികള്‍ നല്‍കുന്ന കണക്കനുസരിച്ച് ജൂലൈ 9, 10 ദിവസങ്ങളില്‍ 3,569 ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിലാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. ജൂണ്‍ 18 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തിയ 700 ഭക്തരെ തിരഞ്ഞെടുത്ത് കൊവിഡ് പരിശോധന നടത്തിയിരുന്നെന്നും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നുമാണ് ക്ഷേത്ര മാനേജ്‌മെന്റ് അവകാശപ്പെട്ടിരുന്നത്. ജൂലൈ 1നും 7നു മിടയില്‍ വീണ്ടും പരിശോധന നടത്തി, അപ്പോഴും രോഗബാധിതരുണ്ടായിരുന്നില്ല.

കഴിഞ്ഞ മാസം മാത്രം തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് 16.76 കോടി രൂപ കാണിക്കയായി പിരിഞ്ഞുകിട്ടിയിരുന്നു. രണ്ട് ആഴ്ച അടഞ്ഞുകിടന്നശേഷം ജൂണ്‍ 11നാണ് ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുത്തത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ദേവസ്ഥാനം. ദിനം പ്രതി അര ലക്ഷം മുതല്‍ ഒരു ലക്ഷം വരെ ഭക്തര്‍ ഇവിടെ വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തരുടെ എണ്ണം ചുരുക്കിയിട്ടുണ്ട്. ആദ്യം 6000 പേരെയും പിന്നീട് 12000 പേരെയുമാണ് ക്ഷേത്രസന്ദര്‍ശനത്തിന് അനുവദിച്ചിരുന്നത്.

മാനേജ്‌മെന്റ് പറയുന്നതനുസരിച്ച് 91 ക്ഷേത്ര ജീവനക്കാര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മുന്‍കരുതലെന്ന നിലയില്‍ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധിതരെ കണ്ടെത്തിയത്. പ്രത്യേക സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരാണ് രോഗബാധ പിടിപെട്ടവരില്‍ കൂടുതലും. അതില്‍ ചിലര്‍ നേരത്തെ അനന്ദ്പൂരിലേക്കും കുര്‍ണൂലിലേക്കും പോയശേഷം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. സുരക്ഷാവിഭാഗത്തിലെ ജീവനക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലാണ് തമാസമെന്നതുകൊണ്ട് രോഗം അവരുടെ കുടുംബങ്ങളിലേക്കും പരക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ക്ഷേത്രത്തിലെ നിരവധി ജീവനക്കാര്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അടുക്കള ജോലിക്കാരും സുരക്ഷാജീവനക്കാരെ പോലെ ഒരുമിച്ചു താമസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ രോഗവ്യാപന സാധ്യത കൂടുതലാണെന്നാണ് പൊതുവിലയിരുത്തല്‍.

Next Story

RELATED STORIES

Share it