Latest News

കൊവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം തൊപ്പിവച്ച മുസല്‍മാന്റെ ചിത്രം; ഫിനാന്‍ഷ്യല്‍ ടൈംസിനെതിരേ പ്രതിഷേധം

കൊവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം തൊപ്പിവച്ച മുസല്‍മാന്റെ ചിത്രം; ഫിനാന്‍ഷ്യല്‍ ടൈംസിനെതിരേ പ്രതിഷേധം
X

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ മുസ്‌ലിം ജനതയുമായി ബന്ധപ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ച ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ടൈംസ് പത്രത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം. ഇന്ത്യയില്‍ രണ്ടാം തവണയുണ്ടായ കൊവിഡ് പ്രസരണത്തെക്കുറിച്ചുള്ള ലേഖനത്തോടൊപ്പമാണ് തലയില്‍ തൊപ്പിവച്ച മുസല്‍മാന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. കൊവിഡിന്റെ പ്രസരണത്തെ മുസ് ലിം ചിഹ്നത്തോടൊപ്പം കൂട്ടിക്കെട്ടി അവതരിപ്പിക്കുന്നത് ഇതാദ്യമല്ല.


"Is a new variant driving India's coronavirus catastrophe?" എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോടൊപ്പമുള്ള ചിത്രമാണ് വിവാദമായത്. കൊവിഡ് വ്യാപനത്തെ മുസ് ലിംകളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചതിനെതിരേയാണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷവും കൊവിഡ് വ്യാപനത്തെ മുസ് ലിം സമൂഹവുമായി ബന്ധപ്പെടുത്തി രാജ്യത്ത് പ്രചാരണം നടത്തിയിരുന്നു.

ബംഗളൂരുവിലെ നവരാത്രി ആഘോഷവുമായി ബന്ധപ്പെടുത്തി ഇന്ത്യ ടുഡെ ചെയ്ത ട്വീറ്റും ഇതുപോലെ ആരോപണവിധേയമായിരുന്നു. രാമായണത്തിലെ കഥാപാത്രങ്ങളുടെ മാസ്‌കുകള്‍ ധരിച്ച സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഇന്ത്യ ടുഡെ പ്രസിദ്ധീകരിച്ചത്. അതില്‍ സാധാരണക്കാരായി ചിത്രീകരിക്കപ്പെട്ടവര്‍ മുസ് ലിം തൊപ്പി ധരിച്ചവരുമായിരുന്നു.


കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായി. കൊറോണ വൈറസിനെ മുസ് ലിം വസ്ത്രം ധരിച്ച ഭീകരവാദികളായി ചിത്രീകരിക്കുന്നതായിരുന്നു ആ കാര്‍ട്ടൂണ്‍. കൊവിഡ് വൈറസിനെ മുസ് ലിംകളായി ചിത്രീകരിക്കുമ്പോള്‍ മറ്റുള്ളവരെ അതിന്റെ ഇരകളായി മനസ്സിലാക്കുന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട ജനപ്രിയ ചിത്രീകരണശൈലിയാണ് അത്. പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് പത്രം കാര്‍ട്ടൂണ്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞു.


ജനുവരി 12ാം തിയ്യതി ഹിന്ദുസ്ഥാന്‍ ടൈംസ് കൊവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വാര്‍ത്തയോടൊപ്പം ചേര്‍ത്തത് ഡല്‍ഹി ജമാ മസ്ജിദിന്റെ ചിത്രമാണ്. പിന്നീട് പത്രം ചിത്രം വൈബ്‌സൈറ്റില്‍ നിന്ന് മാറ്റി മാപ്പുപറഞ്ഞു.


ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ബംഗളൂരുവിലെ കൊവിഡ് വ്യാപനം ചിത്രീകരിക്കുന്നതിനും മുസ് ലിം വസ്ത്രം ധരിച്ചയാളുടെ ചിത്രം ഉപയോഗിച്ചു. പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് ഇതും മാറ്റി.


ജാര്‍ഖണ്ഡിലെ കൊവിഡ് കേസുകളെക്കുറിച്ചുള്ള ഒരു ട്വീറ്റിനൊപ്പം ആള്‍ ഇന്ത്യ റേഡിയോയും മുസ് ലിം പള്ളികളുടെ ചിത്രം ഉപയോഗിച്ചു. ജാര്‍ഖണ്ഡില്‍ 105 പേര്‍ക്ക് രോഗബാധ, ആകെ രോഗികള്‍ 1,135 എന്ന റിപോര്‍ട്ടിനൊപ്പമായിരുന്നു പള്ളിയുടെ ചിത്രം ചേര്‍ത്തത്. അത് പിന്നീട് പിന്‍വലിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മെഡിക്കല്‍ റഫറന്‍സ് പുസ്തകത്തില്‍ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാണെന്ന് ആധികാരികമായി രേഖപ്പെടുത്തി. പ്രതഷേധം കനത്തതിനെത്തുടര്‍ന്ന് അടുത്ത എഡിഷനില്‍ നിന്ന് പിന്‍വലിക്കുമെന്ന് പബ്ലിഷര്‍ പറഞ്ഞിട്ടുണ്ട്.



മര്‍ക്കസ് നിസ്സാമുദ്ദീനില്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചശേഷം രാജ്യത്തെ മിക്കവാറും മാധ്യമങ്ങള്‍ കൊറോണ ജിഹാദ് എന്ന പ്രയോഗം വ്യാപകമായി ഉപയോഗിച്ചു. പിന്നീട് ബോംബെ ഹൈക്കോടതി തന്നെ ഇതിനെതിരേ രംഗത്തുവന്നു. വിദേശികളായ 29 തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കേസിലായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരേ കോടതികള്‍ തന്നെ രംഗത്തുവന്നത്. മതദ്രോഹവിചാരണയെന്നാണ് അതിനെ കോടതി വിശേഷിപ്പിച്ചത്.



Next Story

RELATED STORIES

Share it