Latest News

തലചുറ്റി മൂക്ക് പിടിച്ച് ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്

സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌കൂളില്‍ ടിവി എത്തിച്ച് കുട്ടികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ കാണിക്കാനാണ് തീരുമാനിച്ചത്.

തലചുറ്റി മൂക്ക് പിടിച്ച് ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്
X

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ നെടുങ്കയം ആദിവാസി കോളനിയിലെ ബദല്‍ സക്ൂളില്‍ നടക്കുക തലതിരിഞ്ഞ പരിഷ്‌ക്കാരം. ഇവിടെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയാണ് ടിവിയിലെ വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസുകള്‍ കേള്‍ക്കുക. പ്രാക്തന ആദിവാസികളായ ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് നെടുങ്കയം ആദിവാസി കോളനിയിലെ ബദല്‍ സ്‌കൂളിലുള്ള വിദ്യാര്‍ഥികള്‍. ഇന്റര്‍നെറ്റ് സൗകര്യം കേട്ടുകേള്‍വി പോലുമില്ലാത്ത ഇവിടുത്തെ കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ മാത്രമുള്ള ബദല്‍ സ്‌കൂളാണ് പഠനത്തിനുള്ള ഏക സംവിധാനം. അതും നാലാംക്ലാസില്‍ എത്തുന്നതോടെ അധ്യയനം അവസാനിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് വഴി പഠിക്കാന്‍ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. വൈദ്യുതി പോലുമില്ലാതെ വനത്തിനകത്തെ കുടിലുകളില്‍ കഴിയുന്ന നെടുങ്കയത്തെ ആദിവാസികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം എന്നത് ചിന്തയില്‍ പോലുമില്ലാത്ത കാര്യമാണ്. ഇത് മറികടക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌കൂളില്‍ ടിവി എത്തിച്ച് കുട്ടികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ കാണിക്കാനാണ് തീരുമാനിച്ചത്. സ്‌കൂളിലെ ഏക അധ്യാപകനായ വിജയന്‍ തന്നെയാണ് ടിവി പ്രവര്‍ത്തിപ്പിച്ച് വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് റൂമില്‍ അവരെ പങ്കാളിയാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം വിജയന്‍ മാഷ് തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഈ വര്‍ഷവും അദ്ദേഹം തന്നെയാണ് ഇവിടുത്തെ അധ്യാപകന്‍. വിദ്യാര്‍ഥികളും അധ്യാപകനും പഠനോപകരണങ്ങളും എല്ലാമുള്ള സ്‌കൂളില്‍ കുട്ടികളെ നേരിട്ട് പഠിപ്പിക്കുന്നതിനു പകരം വീട്ടിലിരിക്കുന്ന കുട്ടികള്‍ക്കുള്ള ടിവി പഠന രീതിയാണ് ഉപയോഗിക്കുന്നത്. സര്‍ക്കാറിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെ നേരിട്ട് പഠിപ്പിക്കാന്‍ കഴിയില്ല. ഒന്നാം ക്ലാസില്‍ പുതുതായി എത്തിയ ആറു കുട്ടികള്‍ ഉള്‍പ്പടെ 24 വിദ്യാര്‍ഥികളാണ് നെടുങ്കയം ബദല്‍ സ്‌കൂളിലുള്ളത്. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികളും വീട്ടിലിരുന്ന് വിക്ടേഴ്‌സ് ചാനലിലൂടെ പഠിക്കുമ്പോള്‍ നെടുങ്കയത്തെ ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി അധ്യാപകനോടൊപ്പം ടിവി കണ്ടാണ് പഠനം നടത്തുക.


Next Story

RELATED STORIES

Share it