Latest News

'രാജ്യസുരക്ഷയെ ബാധിക്കും!': യുഎപിഎ കേസുകളുടെ വിശദാംശങ്ങള്‍ സഭയില്‍വയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍

രാജ്യസുരക്ഷയെ ബാധിക്കും!: യുഎപിഎ കേസുകളുടെ വിശദാംശങ്ങള്‍ സഭയില്‍വയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: യുഎപിഎ കേസുകളുടെ വിശദാംശങ്ങള്‍ നിയമസഭയ്ക്കു മുന്നില്‍ വയ്ക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് നല്‍കാന്‍ കഴിയാത്തതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. ആര്‍എംപിഐ എംഎല്‍എ കെ കെ രമയുടെ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരേയാണ് യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുള്ളതെന്നും ഇവരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്നുമാണ് കെ കെ രമ ആവശ്യപ്പെട്ടത്.



ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

സംസ്ഥാനത്ത് നിലവില്‍ യുഎപിഎ കേസുകളില്‍ ഉള്‍പ്പെട്ട് വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കുമോ, ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി അറിയിക്കുമോ, വിശദാംശങ്ങള്‍ നല്‍കുമോ എന്നീ രണ്ട് ചോദ്യങ്ങള്‍ക്കും ദേശസുരക്ഷയെ ബാധിക്കുന്നതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതും പിന്‍വലിക്കപ്പെട്ടതുമായി കേസുകളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു കേസില്‍ ശിക്ഷ വിധിച്ചുവെന്നും നാല് കേസ് പിന്‍വലിച്ചുവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വണ്ടിപ്പെരിയാര്‍, നോര്‍ത്ത് പറവൂര്‍, നടക്കാവ്, കോഴിക്കോട് മെഡിക്കല്‍ കോളജ് സ്‌റ്റേഷനുകളില്‍ ചുമത്തിയ കേസുകളാണ് പിന്‍വലിച്ചത്.

42 യുഎപിഎ കേസുകള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും സിപിഐയും യുഎപിയെ വിരുദ്ധരായി അറിയപ്പെടുന്ന പാര്‍ട്ടികളാണ്.

Next Story

RELATED STORIES

Share it