Career

ജര്‍മനിയില്‍ സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള്‍ പ്രതിഫലവും

തികച്ചും സൗജന്യമായി പഠിക്കുന്നതിനൊപ്പം, വര്‍ഷം 10 മുതല്‍ 12 ലക്ഷം രൂപ വരെ ജോലി ചെയ്ത് സമ്പാദിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ജര്‍മനിയുടെ ഓസ്ബില്‍ഡങ് കോഴ്‌സുകള്‍.

ജര്‍മനിയില്‍ സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള്‍ പ്രതിഫലവും
X

കെ എം മുജീബുല്ല(സിജി കരിയര്‍ ഗൈഡ്‌)


ര്‍മനിയില്‍ സൗജന്യമായി പഠിക്കാം...! മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി ഏജന്റുമാരുടെ വിളയാട്ടമാണെങ്ങും. സത്യത്തില്‍ ഇങ്ങനൊരു ഓഫറുണ്ടോ, ഇത് തട്ടിപ്പാണോ എന്ന് പലരും ചോദിക്കുന്നു. സംഗതി എന്താണെന്ന് നമുക്ക് പരിശോധിക്കാം. പഠനത്തോടൊപ്പം ജോലി ചെയ്ത് സമ്പാദ്യം തുടങ്ങാനുള്ള സാഹചര്യം ഇന്ന് പല വിദേശ രാജ്യങ്ങളിലുമുണ്ട്. പക്ഷേ, പഠിക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ ഫീസിനത്തില്‍ ചെലവാക്കേണ്ടി വരും. ബാങ്ക് ബാലന്‍സായി നല്ലൊരു തുക ഡിപ്പോസിറ്റ് കാണിക്കുകയും ചെയ്യണം. എന്നാല്‍ തികച്ചും സൗജന്യമായി പഠിക്കുന്നതിനൊപ്പം, വര്‍ഷം 10 മുതല്‍ 12 ലക്ഷം രൂപ വരെ ജോലി ചെയ്ത് സമ്പാദിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ജര്‍മനിയുടെ ഓസ്ബില്‍ഡങ് കോഴ്‌സുകള്‍.

സ്ബില്‍ഡങ് എന്നാല്‍ ജര്‍മന്‍ ഭാഷയില്‍ വൊക്കേഷനല്‍ പരിശീലനം എന്നാണ് അര്‍ഥം. അക്കാദമിക പഠനത്തോടൊപ്പം ജോലി ചെയ്ത് പ്രായോഗിക അറിവും നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ഓസ്ബില്‍ഡങ് പ്രോഗ്രാം എന്നറിയപ്പെടുന്ന ജര്‍മനിയിലെ ഇരട്ട ഡിഗ്രി വൊക്കേഷനല്‍ പഠന പ്രോഗ്രാമുകള്‍. ആഗോള തലത്തിലെ ഏറ്റവും മികച്ച കരിയറിനായി വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതാണ് ഈ കോഴ്‌സുകള്‍. പ്രഫഷനല്‍ കോളജ് ക്ലാസ് മുറികളിലെ തിയററ്റിക്കല്‍ പഠനവും പ്രാക്റ്റിക്കല്‍ പരീക്ഷണങ്ങളും തൊഴിലുടമയുടെ സൈറ്റിലെത്തിയുള്ള പ്രായോഗിക പരിശീലനവും സംയോജിക്കുന്നതാണ് മൂന്ന് മുതല്‍ മൂന്നര വര്‍ഷം വരെ നീളുന്ന ഈ കോഴ്‌സുകള്‍. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഒന്നും നല്‍കേണ്ടതില്ല എന്ന് മാത്രമല്ല പ്രതിമാസം 1000 യൂറോ(ഏകദേശം ഒരു ലക്ഷം രൂപ) വരെയൊക്കെ പ്രതിഫലം ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും. പ്രായോഗിക പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ നല്‍കുന്ന കുറഞ്ഞ സ്‌റ്റൈപ്പന്‍ഡ് മാസം 800 യൂറോയാണ്(71,588 ഇന്ത്യന്‍ രൂപ). ഈ സ്‌റ്റൈപ്പന്‍ഡുകള്‍ ഓരോ വര്‍ഷവും 75 യൂറോ വച്ച് വര്‍ധിപ്പിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളും ജര്‍മന്‍ പൗരന്മാര്‍ക്ക് തുല്യമായ ശമ്പള, ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. മറ്റ് തൊഴിലവസരങ്ങള്‍, പെര്‍മനന്റ് റസിഡന്‍സി, പൗരത്വം തുടങ്ങിയവയ്ക്കും വിദ്യാര്‍ഥികള്‍ തുടര്‍ന്ന് അര്‍ഹരാവും. നഴ്‌സിങ്, ഹോസ്പിറ്റാലിറ്റി, മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്, ഫുഡ് ടെക്‌നീഷ്യന്‍, റീയെന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് നിര്‍മാണം എന്നിങ്ങനെ പല മേഖലകളില്‍ കോഴ്‌സുകള്‍ ലഭ്യമാണ്.

ന്നാല്‍ ഈ സൗജന്യമായ പഠനവും കൈനിറയെ സ്‌റ്റൈപ്പന്‍ഡുമൊക്കെ സ്വന്തമാക്കാന്‍ ജര്‍മന്‍ ഭാഷാപഠനമെന്ന കടമ്പ കൂടി കടക്കേണ്ടതുണ്ട്. ഈ ജര്‍മന്‍ ഭാഷ പഠിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുകയും ജര്‍മനിയിലെ എംപ്ലോയറുമായി കണക്റ്റ് ചെയ്യിക്കുകയുമാണ് നാട്ടിലെ ഏജന്റുമാരുടെ ജോലി. ബി1 ഭാഷാ പരിശീലനത്തിനായി വിദ്യാര്‍ഥികളെ തയ്യാറാക്കി പരീക്ഷയ്ക്കായി വിദ്യാര്‍ഥിയെ സെറ്റ് ചെയ്യുകയാണ് ആദ്യപടിയായി ചെയ്യുന്നത്. തുടര്‍ന്ന് ജര്‍മനിയിലെ ഒരു തൊഴിലുടമ നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യുകയും നിങ്ങള്‍ അനുയോജ്യരാണെന്ന് അവര്‍ കണ്ടെത്തുന്ന പക്ഷം ജോലിക്കുള്ള പ്രവേശന കത്ത് നല്‍കുകയും ചെയ്യും. ഇക്കാലയളവില്‍ ബി1 ലെവലില്‍ ജര്‍മന്‍ ഭാഷയെയും ജര്‍മന്‍ സംസ്‌കാരത്തെയും കുറിച്ച് പഠിക്കുകയും ഗൊയ്‌ഥെ, ടെല്‍ക്, ഒഎസ്ഡി എന്നിവര്‍ നടത്തുന്ന ഔദ്യോഗിക ജര്‍മന്‍ ഭാഷ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയില്‍ പങ്കെടുക്കുകയും വേണം. ഈ പരീക്ഷ വിജയിക്കുന്നവരുടെ വിസ അപേക്ഷ പ്രക്രിയ ആരംഭിക്കും. വിസയ്ക്ക് അപേക്ഷ പ്രൊസസ് ചെയ്യുമ്പോള്‍ തന്നെ ബി2 ലെവലില്‍ ജര്‍മന്‍ പഠനവും തുടരും. വിസ ലഭിച്ചാല്‍ ജര്‍മനിയിലെത്തി പഠനം തുടങ്ങാം. വേതനവും വാങ്ങാം. മിക്ക വിദ്യാര്‍ഥികളും നഴ്‌സിങ് കോഴ്‌സാണ് ജര്‍മനിയില്‍ ലക്ഷ്യമിടുന്നത്. ഇതാണ് ജര്‍മനിയിലെ സൗജന്യ പഠനത്തിന്റെ ഗുട്ടന്‍സ്. ട്രിപ്പിള്‍ വിന്‍ പദ്ധതിയിലൂടെ നോര്‍ക്കയും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മന്‍ പഠന തൊഴില്‍ അവസരം ഒരുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it