Latest News

'രാവണനും ശ്രീകൃഷ്ണനും' പിറകെ 'ശ്രീരാമനും' ബിജെപിയിലെത്തി

രാവണനും ശ്രീകൃഷ്ണനും പിറകെ ശ്രീരാമനും ബിജെപിയിലെത്തി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയ പുരാണ സീരിയലുകളിലെ 'ദൈവങ്ങള്‍' കൂട്ടത്തോടെ ബിജെപിയിലേക്ക്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന 'രാമായണം' സീരിയലില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവില്‍ ആണ് ഏറ്റവുമൊടുവില്‍ സംഘ്പരിവാര പാളയത്തില്‍ ചേക്കേറിയ നടന്‍.


നേരത്തെ, രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലില്‍ രാവണനായി എത്തിയ അരവിന്ദ് തിവാരി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ ഇരുന്നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ച നടന്‍ കൂടിയാണ് അരവിന്ദ് തിവാരി. രാമയണം സീരിയലില്‍ 'സീത' യായി അഭിനയിച്ച ദീപിക ചിഖാലിയ 1991ല്‍ തന്നെ ബിജെപിയിലെത്തിയിരുന്നു. അതേവര്‍ഷം തന്നെ ബറോഡയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു.


സംവിധായകന്‍ ബിആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ കൃഷ്ണന്‍ ആയി എത്തിയ നിതീഷ് ഭരദ്വാജും ബിജെപി അംഗമായിരുന്നു. ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയമുള്ള താരമാണ് നിതീഷ്. 1995 ല്‍ ബിജെപി അംഗമായ നിതീഷ് ജംഷഡ്പുരില്‍ നിന്നും ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


മഹാഭാരതത്തിലെ 'ദ്രൗപദി' ആയ രൂപ ഗാംഗുലിയും ബിജെപി അംഗമാണ്. 2015ലാണ് ഇവര്‍ ബിജെപിയിലേക്ക് ചേക്കേറിയത്. മഹാഭാരതത്തില്‍ യുധിഷ്ഠിരനായെത്തിയ ശ്രദ്ധ നേടിയ ഗജേന്ദ്ര ചൗഹാന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം സ്ഥാപനത്തില്‍ കാവിവത്കരണം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.


മഹാഭാരതം സീരിയലിലെ ഒട്ടുവിക്കവരും ബിജെപിയില്‍ എത്തിയെങ്കിലും അതില്‍ പാണ്ഡവരുടെയും കൗരവരുടെയും പൂര്‍വികനായ ഭരത രാജാവായി എത്തിയ രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് നേതാവാണ്. 1994 മുതല്‍ 1999 വരെ രാജ്യസഭാംഗമായിരുന്ന രാജ് ബബ്ബാര്‍, 2006ല്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 2008 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജ് ബബ്ബാര്‍ നിലവില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റാണ്.




Next Story

RELATED STORIES

Share it