Latest News

കാര്‍ഷിക നിയമം: ജനകീയ സമരങ്ങളില്‍ മുട്ടിടിച്ച് നരേന്ദ്ര മോദിയും ബിജെപിയും

കാര്‍ഷിക നിയമം: ജനകീയ സമരങ്ങളില്‍ മുട്ടിടിച്ച് നരേന്ദ്ര മോദിയും ബിജെപിയും
X

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ടുനിന്ന കടുത്ത സഹന പോരാട്ടങ്ങളുടെ വിജയമായിരുന്നു ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഒരുപക്ഷേ, കഴിഞ്ഞ എത്രയോ കാലത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ജനകീയ വിജയങ്ങളിലൊന്നായി ചരിത്രം ഇതിനെ രേഖപ്പെടുത്തുമെന്നതിലും സംശയമില്ല.

പഞ്ചാബില്‍ നിന്ന് ആരംഭിച്ച് ഡല്‍ഹിയിലെ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരുടെ സമരത്തിന്റെ വാര്‍ഷികം വരാനിരിക്കെയാണ് നിയമം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നീണ്ടുനില്‍ക്കുന്നതും ചിട്ടയോടെ നടക്കുന്നതുമായ സമരങ്ങള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍ കഴിയുമെന്നതിന്റെ തെളിവും കൂടിയാണ് ഇത്.

അതേസമയം ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രാധാന്യം കുറച്ചുകളയുന്നതിനല്ല, ഇങ്ങനെ പറയുന്നത്. മറിച്ച് മറ്റ് ചില സാഹചര്യങ്ങള്‍ പുതിയ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ്.

അടുത്ത വര്‍ഷം ഏഴ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. യുപിയും പഞ്ചാബും അവയില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക മേഖലയിലെ ചെറു ചലനങ്ങള്‍പോലും നിര്‍ണായകമായ സംസ്ഥാനങ്ങളാണ് രണ്ടും. അതില്‍ പഞ്ചാബാകട്ടെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കാര്‍ഷിക നിയമത്തിനെതിരാണ്. കോണ്‍ഗ്രസ്സിലെ ഔദ്യോഗിക പക്ഷം മാത്രമല്ല, കോണ്‍ഗ്രസ് വിട്ട് ബിജെപിയുമായി കൂട്ടുകൂടാനിരിക്കുന്ന അമരീന്ദര്‍സിങ് പോലും കാര്‍ഷിക നിയമത്തിനെതിരാണ്. ശിരോമണി അകാലിദള്‍ ബിജെപിയുമായുള്ള തങ്ങളുടെ സഖ്യം തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. കാര്‍ഷിക നിയമത്തിനെതിരേ ബിജെപിയിലും മുറുമുറുപ്പുണ്ട്. കൂടുതല്‍ മസില് പിടിച്ചാല്‍ പഞ്ചാബ് കയ്യില്‍ നിന്ന് പോകുമെന്ന് ബിജെപി ഭയപ്പെടുന്നു. യുപിയിലെ സ്ഥിതിയും വ്യത്യസ്തമല്ല.

ആഴ്ചകള്‍ക്കു മുമ്പ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ഡോസായിരുന്നു. ബിജെപിക്ക് സിറ്റിങ് സീറ്റുകള്‍ പോലും നഷ്ടപ്പെട്ടു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായിരുന്നു ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി പരസ്യമായി അംഗീകരിച്ചില്ലെങ്കിലും അവര്‍ അങ്ങനെ കരുതുന്നതായി ഈ പുതിയ തീരുമാനം തെളിയിക്കുന്നു.

ഇത്തരമൊരു തീരുമാനമെടുക്കാന്‍ തിരഞ്ഞെടുത്ത ദിവസവും പ്രധാനമാണ്. സമരത്തിന്റെ കുന്തമുനയായ സിഖ് മതാനുയായികളുടെ ആരാധ്യനായ ഗുരുനാനാക്കിന്റെ ജന്മദിനത്തിലാണ് തീരുമാനം പുറത്തുവിട്ടത്. സിഖുകാരുമായി ഒരു യുദ്ധം ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

ഈ സമരം നമുക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നു. നിരവധി വിലയിരുത്തലുകള്‍ക്കും സാധ്യതയൊരുക്കുന്നു. വിവിധ വിഭാഗങ്ങളെ അണിനിരത്തി ഫാഷിസ്റ്റ് ശക്തികളെ തോല്‍പ്പിക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു. അതിന് ഇച്ഛാശക്തിയുള്ള ജനകീയ സമരനേതാക്കള്‍ വേണ്ടിവരും. അവര്‍ക്ക് പിന്തുണ നല്‍കുന്ന ജനങ്ങള്‍ വേണ്ടിവരും. ഇതെല്ലാം കര്‍ഷക സമരത്തിനുണ്ടായിരുന്നു. അവര്‍ വിജയം വരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it