Latest News

അമിത വേഗതയില്‍ ആംബുലന്‍സ് യാത്ര, ബ്ലീഡിങ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അവഗണന: കൊവിഡ് പൊസിറ്റീവായ ഗര്‍ഭിണിയുടെ ഞെട്ടിക്കുന്ന അനുഭവസാക്ഷ്യം

അമിത വേഗതയില്‍ ആംബുലന്‍സ് യാത്ര, ബ്ലീഡിങ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അവഗണന: കൊവിഡ് പൊസിറ്റീവായ ഗര്‍ഭിണിയുടെ ഞെട്ടിക്കുന്ന അനുഭവസാക്ഷ്യം
X

തൃശൂര്‍: അമിത വേഗതയിലെ ആംബുലന്‍സ് യാത്ര കൊവിഡ് രോഗിയും ഗര്‍ഭിണിയുമായ യുവതിക്ക് സമ്മാനിച്ചത് കനത്ത ബ്ലീഡിങ്ങും ശാരീരിക മാനസിക വേദനകളും. ഗള്‍ഫില്‍ നിന്നെത്തി തൃശൂരിലെ കൊടുങ്ങല്ലൂരില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഗര്‍ഭിണിക്കാണ് ഒരു ആംബുലന്‍സ് യാത്ര ജീവിതത്തില്‍ വില്ലനായത്. ബ്ലീഡിങ്ങോടെ ആശുപത്രിയില്‍ ചെന്നു കയറിയപ്പോള്‍ അവിടെ നിന്നേറ്റ അവഗണയും നെഞ്ച് തകര്‍ക്കുന്നതായിരുന്നു. യുവതി സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം കൊടുങ്ങല്ലൂരിലെ സാമൂഹികപ്രവര്‍ത്തകയായ നെജു ഇസ്മായീല്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തെത്തുന്നത്.

കഴിഞ്ഞ ജൂണ്‍ 25നാണ് അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളോടൊപ്പം മൂന്നു മാസം ഗര്‍ഭിണിയായ യുവതി ദുബയില്‍ നിന്ന് നാട്ടിലെത്തിയത്. അവിടെ കൊവിഡ് വ്യാപനം രൂക്ഷമായ സമയമായിരുന്നു അത്. ഈ അവസ്ഥയില്‍ അവിടെ തുടരുന്നത് അപകടമാണെന്ന് കരുതിയാണ് മനസ്സില്ലാ മനസ്സോടെ തീരുമാനം എടുത്തത്.

നാട്ടില്‍ വന്ന് വീടിന്റെ മുകളിലെ നിലയില്‍ യുവതിയും മക്കളും ക്വാറന്റയ്‌നില്‍ കഴിഞ്ഞു. ക്വാറന്റീനില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഗര്‍ഭിണികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് പറഞ്ഞ് ജൂലായ് ഒന്നാം തിയ്യതി ആംബുലന്‍സില്‍ കൊടുങ്ങല്ലൂര്‍ ഗവ: ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മൂന്നാം തീയതി വിവിധ വകുപ്പുകളില്‍ നിന്ന് വിളി വന്നു. ഫ്‌ളൈറ്റും സീറ്റ് നമ്പറും അന്വേഷിച്ചു. കൊവിഡ് പൊസിറ്റീവാണെന്നും തൃശൂര്‍ മെഡി. കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വരുമെന്നും അറിയിച്ചു.

2 മണിക്ക് വരുമെന്ന് പറഞ്ഞ ആംബുലന്‍സ് എത്തിയത് ആറ് മണിക്കാണ്. അതില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹെല്‍ത്തില്‍ നിന്നും യുവതി ഗര്‍ഭിണിയാണെന്ന വിവരം ഡ്രൈവറെ അറിയിച്ചിരുന്നു. ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. വണ്ടിയിലേക്ക് കയറുമ്പോള്‍ ഗര്‍ഭിണിയാണോ എന്ന് ഡ്രൈവര്‍ ചോദിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.

ആംബുലന്‍സ് ഭയപ്പെടുത്തുന്ന സ്പീഡിലായിരുന്നു ഓടിയത്. വളവുകളും തിരിവുകളും കടന്ന് ആംബുലന്‍സ് ചീറിപ്പാഞ്ഞു. യാത്ര ഏകദേശം പകുതിയായപ്പോള്‍ യുവതിക്ക് അടിവയറ്റില്‍ നിന്ന് വല്ലാത്ത പ്രയാസവും വേദനയും അനുഭവപ്പെട്ടു. ബ്ലീഡിങ് ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആശുപത്രിയിലെത്തി. ഡ്രൈവറോട് ബ്ലീഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ നിര്‍ത്താന്‍ പറയാമായിരുന്നില്ലേ എന്നയാള്‍ ചോദിച്ചു. ഗര്‍ഭിണിയാണെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞില്ലേ എന്ന് തിരിച്ചു ചോദിച്ചെങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല.

ചോര വാര്‍ന്ന ശരീരവുമായി അവിടെ വണ്ടിയില്‍ അര മണിക്കൂര്‍ ഇരിക്കേണ്ടിവന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങി അരമണിക്കൂറു കഴിഞ്ഞാണ് ഗൈനക്കോളജിസ്റ്റ് വന്നത്. ഗര്‍ഭിണിയാണെന്നും ബ്ലീഡിങ്ങ് ഉണ്ടന്നും പറഞ്ഞിട്ടും അവര്‍ പ്രതികരിച്ചില്ല. കുറേ കഴിഞ്ഞാണ് പരിശോധിച്ചത്. പരിശോധനക്ക് ശേഷം, അകത്തേക്ക് ബ്ലീഡിഗ് ഒന്നും കാണാനില്ലെന്നും, നിലവില്‍ ഗര്‍ഭപാത്രം ഓപ്പണായിട്ടില്ലെന്നും ഓപ്പണാകാനുള്ള ചാന്‍സ് തള്ളിക്കളയാനാവില്ലന്നും കുട്ടിയെ കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യത ഫിഫ്റ്റി ഫിഫ്റ്റിയാണെന്നും അവര്‍ മുഖത്തടിച്ച പോലെ പറഞ്ഞു. ഇതിന് മുന്‍പ് രണ്ട് പ്രസവത്തിലും ഗര്‍ഭ സമയത്തും തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഡ്രൈവറുടെ റഫ് ഡ്രൈവിംങ്ങാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും യുവതി പറയുന്നു.

പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വാര്‍ഡിലേക്ക് വിട്ടു. കട്ടില്‍ വരെ ലഗേജുമായി യുവതിയെ നടത്തിയാണ് കൊണ്ടുപോയത്. അപ്പോഴും ബ്ലീഡിങ് ഉണ്ടായിരുന്നു. കയ്യില്‍ ഒരു വിരി കൊടുത്തു. ആരും വിരിച്ചുകൊടുത്തില്ല. ബ്ലീഡിങ്ങായതിനാല്‍ പാഡ് ആവശ്യപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്ന് വരുത്താന്‍ ആവശ്യപ്പെട്ടു. വീണ്ടും ചോദിച്ചപ്പോള്‍ മുറിവിന് ചുറ്റികെട്ടുന്ന കോട്ടണ്‍ തുണി കുറച്ച് കനത്തില്‍ കൊടുത്തു.

കുട്ടിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് സ്‌കാന്‍ ചെയ്താല്‍ അറിയില്ലേ എന്ന് ചോദിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ പറയുമെന്ന് പറഞ്ഞു. രാത്രി ഡ്യൂട്ടി ഡോക്ടര്‍ വന്ന് വിവരങ്ങള്‍ ചോദിച്ച ശേഷം റേഡിയോളജിസ്റ്റിനോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. രാത്രിയില്‍ ഒരാള്‍ ഒരു സ്‌കാനിങ് മെഷീന്‍ കൊണ്ടുവച്ചു. പക്ഷേ, റേഡിയോളജിസ്റ്റിനെ കാത്തുള്ള ഇരിപ്പ് പിറ്റേ ദിവസം വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്.

സ്‌കാനിങ്ങിന് ശേഷം, അകത്ത് ബ്ലഡ് കളക്ഷന്‍ ഒന്നും കാണാനില്ലെന്നും പ്ലാസന്റ മുകളിലാണെന്നും വേറെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ബ്ലീഡിങ്ങ് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഒമ്പതാം ദിവസം അടുത്ത സ്വാബ് എടുത്തു. അടുത്ത ദിവസം തന്നെ നെഗറ്റീവാണെന്ന റിസല്‍റ്റും കിട്ടി. പത്താം ദിവസം വീട്ടില്‍ വന്ന് ക്വാെറന്റൈയ്ന്‍ ഇരുന്നു.

ഇപ്പോള്‍ യുവതി കൊടുങ്ങല്ലൂരില്‍ ചികില്‍സയിലാണ്. നാലാം മാസം പതിവുപോലെ സ്‌കാന്‍ ചെയ്തു. പരിശോധനക്ക് ശേഷം അവിടത്തെ ഡോക്ടര്‍ പ്ലാസന്റ വളരെ താഴെയായതിനാലാണ് ബ്ലീഡിങ് ഉണ്ടായതെന്ന് പറഞ്ഞു. ഇപ്പോഴും യുവതി അന്നത്തെ യാത്രയുടെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലീഡിങ് ഇപ്പോഴുമുണ്ട്. അബോര്‍ഷന്‍ ഒഴിവാക്കാനുള്ള ഇഞ്ചക്ഷന്‍ ആഴ്ച തോറും എടുക്കുന്നു. യുവതി ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും മോചിതയായിട്ടില്ലെന്ന് നെജു ഇസ്മയീല്‍ പറയുന്നു.

Next Story

RELATED STORIES

Share it