Sub Lead

അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അധ്യാപകന് വധശിക്ഷ

അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അധ്യാപകന് വധശിക്ഷ
X

കൊല്‍ക്കത്ത: അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന് വധശിക്ഷ വിധിച്ച് കോടതി.ഹൂഗ്ളിയിലെ ധനിയാകാളി സ്വദേശിയും സ്വകാര്യട്യഷന്‍ സെന്ററിലെ അധ്യാപകനുമായ പ്രമാദെസ് ഗോസലി(42)നെയാണ് ചിന്‍സുരാ കോടതി ശിക്ഷിച്ചത്. 2021ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രമാദെസ് നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ ട്യൂഷന് എത്തിയ വിദ്യാര്‍ഥികള്‍ നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പോലിസിന് വിളിച്ചുവരുത്തിയപ്പോഴാണ് പ്രമാദെസിനെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടത്. കൈയ്യിലെ ഞരമ്പുകളെല്ലാം മുറിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

അപ്പോഴാണ് ഇയാളുടെ പിതാവ് അഷി(68)മും അമ്മ ശുഭ്ര(60)യും വിവാഹിതയായ സഹോദരി പല്ലവി ചാറ്റര്‍ജി(38)യും വീട്ടില്‍ മരിച്ചു കിടക്കുന്നു എന്ന വിവരം പോലിസ് അറിയുന്നത്. തലക്കയ്ക്കടിച്ച ശേഷം കഴുത്തുമുറിച്ചാണ് മൂന്നു പേരെയും കൊന്നിരുന്നത്. ഇതോടെ കേസില്‍ പ്രമാദെസിനെ പോലിസ് പ്രതിയാക്കി. വിദഗ്ദ ചികില്‍സക്ക് ശേഷം ബോധം വന്നപ്പോഴാണ് കേസില്‍ അറസ്റ്റ് ചെയ്തത്.

വീട്ടിലെ വരുമാനമുള്ള ഏക അംഗമായ തന്നോട് അച്ചനും അമ്മയും സഹോദരിയും സ്ഥിരമായി പണം ചോദിച്ച് ശല്യപ്പെടുത്തുന്നതായി ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പോലിസ് കണ്ടെത്തി. കൊവിഡ് കാലത്ത് ട്യൂഷന്‍ നിന്നതോടെ സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ വരുമാനത്തില്‍ നിന്ന് വീട്ടുകാര്‍ ചോദിക്കുന്ന അത്രയും പണം നല്‍കാന്‍ സാധിക്കില്ലെന്ന് ഇയാള്‍ പറഞ്ഞതായും അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി.

എന്നാല്‍, കേസിന്റെ വിചാരണയില്‍ താന്‍ നിരപരാധിയാണെന്ന വാദമാണ് പ്രമാദെസ് ഉയര്‍ത്തിയത്. എന്നാല്‍, ഈ കൊലപാതകം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വധശിക്ഷക്ക് വിധിച്ചത്. ഇനി കൊല്‍ക്കത്ത ഹൈക്കോടതി ശിക്ഷ സ്ഥിരീകരിക്കണം. ഫയലുകള്‍ വിചാരണക്കോടതി ഹൈക്കോടതിയിലേക്ക് അയച്ചു.

Next Story

RELATED STORIES

Share it