Latest News

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനവും സംസ്ഥാന പദവിയും

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനവും സംസ്ഥാന പദവിയും
X

നിയോജകമണ്ഡല അതിര്‍ത്തി നിര്‍ണയത്തിനുശേഷം ജമ്മു കശ്മീരിന് പൂര്‍ണമായ സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അതിന്റെ പ്ലാന്‍ അവതരിപ്പിക്കലായിരുന്നു സന്ദര്‍ശനത്തിന്റെ മുഖ്യഉദ്ദേശ്യവും.

2019ലാണ് ജനാധിപത്യവിരുദ്ധമായ ഒരു തീരുമാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിനെ രണ്ടായി മുറിച്ച് വ്യത്യസ്ത കേന്ദ്ര ഭരണപ്രദേശമാക്കിമാറ്റിയത്. അതിനുശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനമായിരുന്നു അമിത് ഷായുടേത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ തന്റെ സന്ദര്‍ശനത്തെ എങ്ങനെ സ്വീകരിക്കുമെന്ന് അമിത് ഷാ ഭയന്നിരുന്നുവെന്നു വേണം കരുതാന്‍. കാരണം ശ്രീനഗര്‍ നഗരത്തെ തടവയറയിലേക്കയച്ചാണ് അമിത് ഷാ സന്ദര്‍ശനം തുടങ്ങിയത്. അപ്രഖ്യാപിത ഇരുചക്രവാഹനനിരോധനവും വ്യാപക അറസ്റ്റും കര്‍ഫ്യൂസമാനമായ നിയന്ത്രണങ്ങളും ജനജീവിതം സ്തംഭിപ്പിച്ചുവെന്നുതന്നെ പറയാം.

അനുച്ഛേദം 370 റദ്ദാവുന്നതോടെ കശ്മീരില്‍ ഭീകരവാദം അവസാനിക്കുമെന്നായിരുന്നു അമിത്ഷായുടെ അവകാശവാദം. എന്തായാലും അമിത് ഷായുടെ സന്ദര്‍ശനം തുടങ്ങിയ ദിവസം തന്നെ കശ്മീരില്‍ വെടിപൊട്ടി.

കേന്ദ്രത്തെ ആശ്രയിക്കാതെ നില്‍ക്കാനാവുന്ന സംസ്ഥാനമായി കശ്മീരിനെ മാറ്റുകയാണത്രെ ബിജെപിയുടെ ലക്ഷ്യം.

ഇന്ത്യയില്‍ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ ചുമതല ഒരു കമ്മീഷനാണ്. ആ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. സെന്‍സസ് കണക്കുകള്‍ പരിശോധിച്ച് പ്രദേശങ്ങളുടെയും നിയോജകമണ്ഡലങ്ങളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയാണ് കമ്മീഷന്റെ ചുമതല. ഒപ്പം ജനസംഖ്യാ വിതരണവും മറ്റും കണക്കിലെടുക്കും.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കശ്മീരിലെ മണ്ഡലപുനര്‍നിര്‍ണയം നടത്തിയിരുന്നത്. സംസ്ഥാനത്ത് പ്രത്യേക പദവി കണക്കിലെടുത്തായിരുന്നു അത്. അതാണ് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത്. അതോടെ മറ്റേത് സംസ്ഥാനവും പോലെയായി മാറി കശ്മീരും.

മറ്റ് സ്ഥലങ്ങളില്‍ നിന്നു വ്യത്യസ്തമായി കശ്മീര്‍ അതിര്‍ത്തി നിര്‍ണയം 1957ല്‍ ജമ്മുകശ്മീരില്‍ പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം വഴിയാണ് നടന്നിരുന്നത്.

1963, 1973, 1995 എന്നീ വര്‍ഷങ്ങളില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചിരുന്നു. അവസാനം കെ കെ ഗുപ്ത കമ്മീഷനാണ് പുനര്‍നിര്‍ണയം നടത്തിയത്. അക്കാലത്ത് കശ്മീര്‍ പ്രസിഡന്റ് ഭരണത്തിലായിരുന്നു. 1996 ലെ തിരഞ്ഞെടുപ്പ് അതിനനുസരിച്ചായിരുന്നു.

1991ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ അതിര്‍ത്തിനിര്‍ണയ കമ്മീഷനെ നിയമിച്ചിട്ടില്ല. 2026വരെ അതിര്‍ത്തിനിര്‍ണം മരവിപ്പിക്കുകയും ചെയ്തു. സുപ്രിംകോടതിയും അത് അംഗീകരിച്ചു.

ആ സമയത്ത് ജമ്മു കശ്മീരില്‍ 87 നിയമസഭാ സീറ്റുകളാണ് ഉണ്ടായിരുന്നത്. 46 എണ്ണം കശ്മീരിലും 37 എണ്ണം ജമ്മുവിലും 4 എണ്ണം ലഡാക്കിലും. 24 സീറ്റുകള്‍ പാക് അധിനിവേശ കശ്മീരിനുവേണ്ടി നീക്കിവച്ചു.

2019ല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ശേഷം കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി. ഇന്ത്യന്‍ ഭരണഘടനക്കനുസരിച്ച് അതിര്‍ത്തി നിര്‍ണയം നടത്താനുള്ള സാധ്യതയാണ് ഇതൊരുക്കുന്നത്. 2020 മാര്‍ച്ച് 6ന് ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട. സുപ്രിംകോടതി ജഡ്ജി രഞ്ജന്‍ പ്രകാശ് ദേശായിയാണ് കമ്മീഷന്‍ മേധാവി. ജമ്മു കശ്മീര്‍ പുനസംഘടനാ ബില്ലനുസരിച്ച് സീറ്റുകളുടെ എണ്ണം 107ല്‍ നിന്ന് 114ആക്കി. അത് ജമ്മുപ്രദേശത്തായിരിക്കും കൊണ്ടുവരിക.

പാനലില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുഷില്‍ ചന്ദ്രയെയും ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ കെ ശര്‍മയെയും നിശ്ചയിച്ചു. കൂടാതെ നാഷണല്‍ കോണ്‍ഫ്രന്‍സ് എംപിമാരായ ഫാറൂഖ് അബ്ദുള്ള, മുഹമ്മദ് അക്ബര്‍ ലോന്‍, ഹസ്‌നെയ്ന്‍ മസൂദി, കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്, ബിജെപിയിലെ ജുഗര്‍ കിശോര്‍ശര്‍മ എന്നിവരും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4നാണ് കമ്മീഷന്റെ കാലാവധി അവസാനിച്ചതെങ്കിലും ഒരു വര്‍ഷം കാലാവധി നീട്ടിനല്‍കി.


അതിര്‍ത്തി നിര്‍ണയത്തിനുവേണ്ടി രൂപീകരിച്ച കമ്മിറ്റി നിയമവിരുദ്ധമാണെന്നാണ് പല രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിലപാട്. കാരണം 2019ലെ ജമ്മു കശ്മീര്‍ അതിര്‍ത്തിപുനസംഘടനാ നിയമം നിയമവിരുദ്ധമാണെന്ന് അവര്‍ വാദിക്കുന്നു. ബിജെപി സ്വന്തം ഇഷ്ടപ്രകാരം അതിര്‍ത്തി നിര്‍ണയിച്ച് നേട്ടം കൊയ്യാനാണ് ശ്രമമെന്ന് പല രാഷ്ട്രീയപ്പാര്‍ട്ടികളും വിലയിരുത്തുന്നു.

സംസ്ഥാനത്ത് ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടാവണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. അല്ലെങ്കില്‍ മുസ് ലിമായ മുഖ്യമന്ത്രിയെ ജമ്മുവിലെ വോട്ടര്‍മാരുടെ കയ്യില്‍ കളിക്കുന്ന പാവയാക്കുക. ജനസംഖ്യാ വിതരണത്തേക്കാള്‍ പ്രദേശത്ത് എത്തിപ്പെടാനുളള ബുദ്ധിമുട്ടുകള്‍, വാര്‍ത്താവിതരണ സാധ്യതയുടെ കുറവ് പോലുള്ളവ ഉടര്‍ത്തിക്കാട്ടി ഹിന്ദു പ്രദേശങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കൊണ്ടുവരികയും മറ്റൊരു ലക്ഷ്യമാണ്. ഇതൊക്കെ നടക്കണമെങ്കില്‍ അവരുടെ താല്‍പര്യമനുസരിച്ച് മണ്ഡലങ്ങള്‍ നിര്‍ണയിക്കണം. ഇതാണ് തിരക്കിട്ട അതിര്‍ത്തിനിര്‍ണയത്തിന്റെ ലക്ഷ്യം. ഇക്കാര്യം മറ്റ് പാര്‍ട്ടികള്‍ക്ക് അറിയുകയും ചെയ്യാം.

Next Story

RELATED STORIES

Share it