Latest News

'കള്ളസ്വര്‍ണം' വെളിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നു

സ്വര്‍ണം കൈവശം വച്ച വ്യക്തികള്‍ക്ക് അത് സ്വമേധയാ വെളിപ്പെടുത്തി നികുതി അടച്ച് നിയമപരമാക്കുകയാണ് പദ്ധതി.

കള്ളസ്വര്‍ണം വെളിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നു
X

ന്യൂഡല്‍ഹി: ടാക്‌സ് വെട്ടിച്ചും കള്ളപ്പണം ഉപയോഗിച്ചും കൈക്കലാക്കിയ സ്വര്‍ണം വെളിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഓഫിസുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. കണക്കില്‍ പെടാത്ത ധനം സൂക്ഷിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് സ്വര്‍ണത്തിന്റെ സ്ഥാനം.

സ്വര്‍ണം കൈവശം വച്ച വ്യക്തികള്‍ക്ക് അത് സ്വമേധയാ വെളിപ്പെടുത്തി നികുതി അടച്ച് നിയമപരമാക്കുകയാണ് പദ്ധതി. ഒരു നിശ്ചിത പരിധിക്കുള്ളില്‍ മാത്രമേ ഇത്തരത്തില്‍ വെളിപ്പെടുത്താന്‍ അനുവദിക്കുകയുള്ളു എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ 900 ടണ്‍ സ്വര്‍ണമാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ വൈകാരികതയുള്ള ലോഹവുമാണ് സ്വര്‍ണം.

പുതുതായി രൂപീകരിക്കുന്ന ഒരു ഗോള്‍ഡ് ബോര്‍ഡിനായിരിക്കും സ്വര്‍ണം വെളിപ്പെടുത്തുന്ന പദ്ധതിയുടെ ചുമതല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യവ്യവസായികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഈ ബോര്‍ഡ് ഓരോ വര്‍ഷവും പദ്ധതി ആസൂത്രണം ചെയ്യും.

ഇതോടൊപ്പം നിലവിലുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം പുനരുജ്ജീവിപ്പിക്കാനും ആലോചനയുണ്ട്. വ്യക്തികള്‍ക്കും ഹിന്ദു കൂട്ടുകുടുംബത്തിനും നാല് കിലോ സ്വര്‍ണം വരെ ഡിമാറ്റ് ഫോര്‍മാറ്റില്‍ വാങ്ങുന്നതാണ് ഈ പദ്ധതി. ട്രസ്റ്റുകള്‍ക്ക് ഈ പദ്ധതി പ്രകാരം 20 കിലോഗ്രാം സ്വര്‍ണം വരെ വാങ്ങാം. പണവിനിമയം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി മുന്‍കാലങ്ങൡ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം.




Next Story

RELATED STORIES

Share it