Latest News

അര്‍ധ സൈനിക വിഭാഗ കാന്റീനുകളില്‍ നിന്ന് ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു

അര്‍ധ സൈനിക വിഭാഗ കാന്റീനുകളില്‍ നിന്ന് ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്തുടനീള്ളമുള്ള അര്‍ധ സൈനിക വിഭാഗം കാന്റീനുകളില്‍ നിന്ന് വിദേശ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചു. ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതിനായി അര്‍ധ സൈനിക കാന്റീനുകള്‍ ജൂണ്‍ ഒന്ന് മുതല്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍ക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ആയിരത്തോളം ഉല്‍പന്നങ്ങളെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പട്ടികയിലുള്ള പലതും ഇന്ത്യന്‍ ഉല്‍പന്നങ്ങളാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്.

കേന്ദ്രത്തിന്റെ 'മേഡ് ഇന്‍ ഇന്ത്യ' നയത്തിന്റെ ഭാഗമായാണ് ഉത്തരവിറക്കിയത്. ഒഴിവാക്കിയ ഉല്‍പന്നങ്ങള്‍ക്ക് പകരമായി ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുമെന്നാണ് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തത്. ന്യുട്ടല്ല, കിന്‍ഡര്‍ ജോയ്, ടിക് ടാക്, ഹോര്‍ലിക്‌സ്, യുറേക്ക ഫോര്‍ബ്സ്, റോം ഹില്‍ഫിഗര്‍ ഷര്‍ട്ടുകള്‍, അഡിഡാസ് ബോഡി സ്‌പ്രേ തുടങ്ങിയവയെല്ലാം ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ പട്ടികയില്‍പ്പെടും.

സ്‌കേച്ചേഴ്‌സ്, ഫെറേറോ, റെഡ്ബുള്‍, വിക്ടോറിനോക്‌സ്, സഫിലോ തുടങ്ങിയ ബ്രാന്‍ഡുകള്‍ മിലിറ്ററി കാന്റീനില്‍ വില്‍ക്കരുതാത്ത ഉത്പന്നങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ മൈക്രോവേവ് ഓവനുകളും മറ്റ് നിരവധി വീട്ടുപകരണങ്ങളും പട്ടികയില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു.

ഒഴിവാക്കേണ്ട ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെട്ടത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഡാബര്‍, ബജാജ്, ഉഷാ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. രാജ്യത്തെ അര്‍ധ സൈനിക വിഭാഗ കാന്റീനുകളില്‍ പ്രതിവര്‍ഷം 2,800 കോടിയുടെ വില്‍പ്പന നടക്കുന്നുണ്ട്. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.




Next Story

RELATED STORIES

Share it