Latest News

കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചകൂടി നീട്ടി

കെജ് രിവാളിനും കെ  കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചകൂടി നീട്ടി
X

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഇഡി അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി. ഇരുവരെയും മേയ് ഏഴിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

മാര്‍ച്ച് 21മാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രില്‍ 23 വരെയും നീട്ടി. നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍.

നേരത്തെ, തന്റെ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈകോടതി ഉത്തരവിനെതിരെ കെജ് രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഉത്തരവ് സ്‌റ്റേ ചെയ്യാനോ ഹരജി അടിയന്തരമായി കേള്‍ക്കാനോ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് തയാറായിരുന്നില്ല. രണ്ടാഴ്ചക്കുശേഷം മാത്രമാണ് കേസില്‍ വാദം കേള്‍ക്കുക.

അതേസമയം, പ്രമേഹ രോഗിയായ അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ അധികൃതര്‍ ഇന്‍സുലിന്‍ നിഷേധിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിച്ചു. ജയിലില്‍ വെച്ച് അരവിന്ദ് കെജ് രിവാളിനെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടക്കുന്നുവെന്ന് ഭാര്യ സുനിത കെജ് രിവാളും ആരോപിച്ചിരുന്നു.

എന്നാല്‍, കെജ് രിവാളിന് ഇന്‍സുലിന്‍ ആവശ്യമില്ലെന്നാണ് തിഹാര്‍ ജയില്‍ അധികൃതരുടെ വാദം. കെജ് രിവാള്‍ കുറച്ചുവര്‍ഷങ്ങളായി ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നതായും എന്നാല്‍ തെലങ്കാനയിലെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഏതാനും മാസമായി അത് നിര്‍ത്തിയെന്നും ജയില്‍ അധികൃതര്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വികെ സക്‌സേനക്ക് റിപോര്‍ട്ട് നല്‍കി.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയില്‍ അധികൃതര്‍ ഇന്‍സുലിന്‍ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് കെജ് രിവാള്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഹരജിയില്‍ വിധി പറയുന്നത് മാറ്റിവെച്ച കോടതി കെജ് രിവാളിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ഭക്ഷണ ക്രമത്തെ കുറിച്ചും ജയിലധികൃതരോട് വിശദീകരണം തേടിയിരുന്നു.




Next Story

RELATED STORIES

Share it