Latest News

പശുക്കളെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ ഗോസംരക്ഷണ നിയമം പാസ്സാക്കി അസം നിയമസഭ

പശുക്കളെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ ഗോസംരക്ഷണ നിയമം പാസ്സാക്കി അസം നിയമസഭ
X

ഗുവാഹത്തി: പശുക്കളെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ അസം നിയമസഭ പുതിയ നിയമം പാസ്സാക്കി. ഗോസംരക്ഷണ നിയമം എന്ന് പേരിട്ട നിയമമനുസരിച്ച് 14 വയസ്സിനു താഴെയുള്ള പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധി, ബീഫ് കഴിക്കാത്ത വ്യക്തികളുടെ താമസസ്ഥലം തുടങ്ങിയ പ്രദേശങ്ങളില്‍ പശുമാംസം കൊണ്ടുവരാനോ വില്‍ക്കാനോ പാടില്ല. പശുക്കുട്ടികളെ കശാപ്പ് ചെയ്യുന്നതും കുറ്റകരമാണ്.

നിയമം സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പുതിയ നിയമമനുസരിച്ച് സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കശാപ്പ് പാടുള്ളു. സര്‍ക്കാര്‍ അനുമതിയില്ലാതെ മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അസമിലേക്ക് മൃഗങ്ങളെ കടത്താനും പാടില്ല.

നിയമം ലംഘിക്കുന്നത് മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. പുതിയ നിയമം സമുദായ സൗഹാര്‍ദ്ദത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമാന്ദ് ബിശ്വാസ് ശര്‍മ പറഞ്ഞു.

കശാപ്പുമായി ബന്ധപ്പെട്ട് അസമില്‍ ധാരാളം അനിഷ്ടസംഭവങ്ങളുണ്ടായെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ യോഗത്തില്‍ ഗവര്‍ണര്‍ ജഗദീഷ് മുഖിയാണ് ഇത്തരമൊരു നിമയത്തെക്കുറിച്ച് സൂചന നല്‍കിയത്.

നമുക്ക് പാല് നല്‍കുന്ന ഈ മൃഗത്തെ സംരക്ഷിക്കാനുള്ള ബാധ്യതയും നമുക്കുണ്ടെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.

പ്രതിപക്ഷം ബില്ലിനെതിരേ 75 തിരുത്തലുകള്‍ മുന്നോട്ട് വച്ചെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സഭയില്‍ നിന്ന് എല്ലാവരും ഇറങ്ങിപ്പോയത്.

കണക്കനുസരിച്ച് അസമില്‍ 19,327 കോടി പശുക്കളുണ്ട്. ഈ സാഹചര്യത്തില്‍ വംശഹത്യയില്‍നിന്ന് പശുക്കളെ രക്ഷിക്കാന്‍ ഒരു നിയമമെന്തിനാണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

Next Story

RELATED STORIES

Share it