Latest News

നിയമസഭാ തിരഞ്ഞെടുപ്പ് 2021: ചാഞ്ചാടുന്ന കൊല്ലം ജില്ല ഇക്കുറി ആരെ തുണയ്ക്കും?

നിയമസഭാ തിരഞ്ഞെടുപ്പ് 2021: ചാഞ്ചാടുന്ന കൊല്ലം ജില്ല ഇക്കുറി ആരെ തുണയ്ക്കും?
X

ചാഞ്ചാടുന്ന മനസ്സാണ് കൊല്ലം ജില്ലയുടേത്. സ്ഥിരമായി ആര്‍ക്കൊപ്പവും നില്‍ക്കുന്ന പതിവില്ല. ഒരിക്കല്‍ എല്‍ഡിഎഫിനെ തുണച്ചാല്‍ അടുത്ത തവണ മാസങ്ങള്‍ക്കു ശേഷം മാത്രം നടക്കുന്ന തിരഞ്ഞെടുപ്പാണെങ്കിലും മറുപക്ഷത്തെ തുണയ്ക്കും. അടുത്ത തവണ വീണ്ടും ഇതാവര്‍ക്കിക്കും. അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് അതീതമാണ് കൊല്ലം ജില്ലയും ജില്ലയിലെ നിയോജകമണ്ഡലങ്ങളും. കരുനാഗപ്പള്ളി, കുന്നത്തൂര്‍, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ എന്നിങ്ങനെ ആകെ പതിനൊന്ന് നിയമസഭാ നിയോജകമണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കൊല്ലം നിയോജകമണ്ഡലം പൂര്‍ണമായും ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ചില ഭാഗങ്ങളും ഈ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പതിനൊന്നു മണ്ഡലങ്ങളും എല്‍ഡിഎഫിനായിരുന്നു. അന്ന് അവരുടെ വോട്ട് വിഹിതം 50.7 ശതമാനവും. ആ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 33.8 ശതമാനം വോട്ട് ലഭിച്ചു. എന്നാല്‍ 2019ല്‍ കേരളമാകെ യുഡിഎഫിനൊപ്പം നിന്ന തിരഞ്ഞെടുപ്പില്‍ കൊല്ലവും യുഡിഎഫിന് വോട്ട് ചെയ്്തു. അത്തവണത്തെ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 37.2 ശതമാനമായിരുന്നു. വോട്ട് വിഹിതത്തില്‍ പതിമൂന്നര ശതമാനത്തിന്റെ കുറവ്. യുഡിഎഫിന്റെ വോട്ട് വിഹിതം 48.64 ശതമാനമായി ഉയര്‍ന്നു. ഏകദേശം പതിനഞ്ച് ശതമാനത്തിന്റെ വ്യത്യാസം എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് യുഡിഎഫിന് ലഭിച്ചുവെന്ന് പൊതുവെ പറയാം. അതുമാത്രമല്ല, ആലപ്പുഴ, മാവേലിക്കര മണ്ഡലത്തില്‍ കൊല്ലം ജില്ലയില്‍ പെടുന്ന എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മുന്‍തൂക്കം. എല്‍ഡിഎഫിന്റെ ആരിഫ് വിജയിച്ച ആലപ്പുഴ മണ്ഡലത്തിന്റെ കൊല്ലം ജില്ലയില്‍ പെടുന്ന കരുനാഗപ്പള്ളി മണ്ഡലത്തിലും യുഡിഎഫിനായിരുന്നു മുന്‍തൂക്കം. ചുരുക്കത്തില്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സംശയാതീതമായി യുഡിഎഫിനൊപ്പവും 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പവുമായിരുന്നു.

എന്നാല്‍ നിരവധി അഴിമതിയാരോപണങ്ങളും മറ്റും ഉയര്‍ന്നുവന്ന കൊവിഡ് കാല 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഈ വിജയം ആവര്‍ത്തിക്കാനായില്ല. ഒരു കോര്‍പറേഷനും നാല് മുനിസിപ്പാലിറ്റികളും 11 ബ്ലോക് പഞ്ചായത്തും 68 ഗ്രാമപഞ്ചായത്തുമുള്ള കൊല്ലത്ത് എല്‍ഡിഎഫായിരുന്നു നേട്ടമുണ്ടാക്കിയത്. കൊല്ലം കോര്‍പറേഷനു പുറമെ ജില്ലാ പഞ്ചായത്തും ആകെയുള്ള നാലില്‍ മൂന്ന് മുനിസിപ്പാലിറ്റികളും എല്‍ഡിഎഫ് നേടി. 10 ബ്ലോക് പഞ്ചായത്തും എല്‍ഡിഎഫിനായിരുന്നു. ഗ്രാമപഞ്ചായത്തില്‍ 44 എണ്ണം നേടിയ എല്‍ഡിഎഫിന്റെ പകുതി, അതായത് 22 എണ്ണം മാത്രമേ യുഡിഎഫിന് വിട്ടുകൊടുത്തുള്ളു. എന്‍ഡിഎ 2 ഗ്രാമപഞ്ചായത്തുകൊണ്ട് തൃപ്തിപ്പെട്ടു. അതേസമയം മറ്റൊരു പ്രത്യേകത കാണാതിരുന്നുകൂടാ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൊല്ലത്ത് യുഡിഎഫ് നില മെച്ചപ്പെടുത്തിയിരുന്നുവെന്നതാണ് അത്.

2015ല്‍ എല്‍ഡിഎഫിന് 60 ഗ്രാമപഞ്ചായത്തും യുഡിഎഫിന് 8ഉം പഞ്ചായത്തുമാണ് ഉണ്ടായിരുന്നത്. അതായത് ഇത്തവണ എല്‍ഡിഎഫിന് 16 പഞ്ചായത്ത് നഷ്ടപ്പെട്ടു. യുഡിഎഫ് 14 പഞ്ചായത്ത് കൂടുതലായി നേടി.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയമുണ്ടായെങ്കിലും വോട്ട് വിഹിതത്തില്‍ ഈ അട്ടിമറി കാണാനാവില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 43 ശതമാനമായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ കുറവ്. ഇതേ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 34.2 ശതമാനം വോട്ടാണ് ലഭിച്ചത്. യുഡിഎഫിന്റെ കാര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ടുവിഹിതത്തില്‍ വര്‍ധനയുണ്ടായെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിന് അടുപ്പിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിലും ലഭിച്ചത്. യുഡിഎഫ്, എല്‍ഡിഎഫിന് പിന്നിലാണെങ്കിലും പിന്തുണ മാറ്റമില്ലാതെ നില്‍ക്കുന്നതായും എല്‍ഡിഎഫിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതായും കാണാം.

അതേസമയം വോട്ടുവിഹിതത്തില്‍ 2016ല്‍ ബിജെപി മുന്നണിക്ക് 12.8 ശതമാനം വോട്ടാണ് ലഭിച്ചിരുന്നതെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് വലിയ മാറ്റമില്ലാതെ 12.36 ശതമാനമായി തുടര്‍ന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ 19.6 ശതമാനമായി ഉയരുകയും ചെയ്തു.

നിയമസഭാ മണ്ഡലങ്ങളെ പരിശോധിച്ചാല്‍ കരുനാഗപ്പള്ളി നഗരസഭയ്‌ക്കൊപ്പം, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവാ, തൊടിയൂര്‍, ഗ്രാമപഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കരുനാഗപ്പള്ളി നിയമസഭാമണ്ഡലം. കഴിഞ്ഞ രണ്ട് വര്‍ഷമായി സിപിഐയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ സി. ദിവാകരനും 2016ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ സി.പി.ഐയിലെത്തന്നെ ആര്‍ രാമചന്ദ്രനുമാണ് ഇവിടെനിന്ന് വിജയിച്ചത്. വര്‍ഷങ്ങളായി ഇടത്പക്ഷത്തെ ആവര്‍ത്തിച്ച് വിജയിപ്പിച്ച ഈ മണ്ഡലം ഇത്തവണയും ഇടത്പക്ഷത്തെ വിജയിപ്പിക്കാനുളള സാധ്യത ഏറെയാണ്. അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്നിലായിരുന്നെന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. അതേസമയം ബിജെപി മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് 20,000ത്തോളം വോട്ടുകള്‍ നേടി. 2011 നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏകദേശം പതിനയ്യായിരം വോട്ടിന്റെ വര്‍ധന കഴിഞ്ഞ തവണ രേഖപ്പെടുത്തി.

കുന്നത്തൂര്‍, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മണ്‍ട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തും അടങ്ങിയതാണ് കുന്നത്തൂര്‍ നിയമസഭാമണ്ഡലം. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ലെനിനിസ്റ്റ്) പാര്‍ട്ടിയിലെ അംഗമായ കോവൂര്‍ കുഞ്ഞുമോനാണ് 2001 മുതല്‍ കുന്നത്തൂര്‍ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഒരു സംവരണ മണ്ഡലവുമാണ് ഇത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി 24,000 വോട്ട് നേടി.

കുണ്ടറ, ഇളമ്പല്ലൂര്‍, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുണ്ടറ നിയമസഭാമണ്ഡലം. നിലവില്‍ സിപിഎമ്മിലെ മേഴ്‌സിക്കുട്ടിയമ്മയാണ് എംഎല്‍എ. കഴിഞ്ഞ മൂന്നുതവണയും എല്‍ഡിഎഫിന്റെ കയ്യിലായിരുന്ന മണ്ഡലം പല തവണ കോണ്‍ഗ്രസ്സും കയ്യില്‍ വച്ചിട്ടുണ്ട്. ബിജെപി ഇവിടെയും 20000ത്തോളം വോട്ടാണ് ഇവിടെനിന്ന് നേടിയത്. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ എം എ ബേബി നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ 2016ല്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ലഭിച്ചുവെന്നതും കണക്കിലെടുക്കേണ്ടതാണ്.

കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോണ്‍, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂര്‍, ഉമ്മന്നൂര്‍, വെളിയം എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. സിപിഎമ്മിലെ ഐഷ പോറ്റിയാണ് നിലവില്‍ ഇവിടത്തെ എംഎല്‍എ. കഴിഞ്ഞ മൂന്നുതവണയായി അവര്‍ തന്നെയാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇടക്കാലത്ത് കേരളകോണ്‍ഗ്രസ്സിനെയും ഈ മണ്ഡലം പിന്തുണച്ചിട്ടുണ്ട്.

പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. പൊതുവില്‍ എല്‍ഡിഎഫിനും കേരളകോണ്‍ഗ്രസ്സിനും പ്രാമുഖ്യമുള്ള ഈ മണ്ഡലത്തില്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേശ് കുമാറാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2001 മുതല്‍ ഗണേശ് കുമാര്‍ തന്നെയാണ് ഇവിടത്തെ ജനപ്രതിനിധി.

പുനലൂര്‍ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂര്‍, കരവാളൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണിത്. 2006 മുതല്‍ സി.പി.ഐയിലെ കെ. രാജുവാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, വെളിനെല്ലൂര്‍ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമണ്‍ എന്ന പഞ്ചായത്തും ചേര്‍ന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. 2006 മുതല്‍ സി.പി.ഐയിലെ മുല്ലക്കര രത്‌നാകരനാണ് ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

പരവൂര്‍ മുനിസിപ്പാലിറ്റി, കൊല്ലം താലൂക്കില്‍ ഉള്‍പ്പെടുന്ന ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, ചിറക്കര, പൂതക്കുളം, കല്ലുവാതുക്കല്‍ എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ചാത്തന്നൂര്‍ നിയമസഭാമണ്ഡലം. സിപിഐയിലെ ജി എസ് ജയലാലാണ് നിലവിലുളള ജനപ്രതിനിധി. 2011 മുതല്‍ ഇദ്ദേഹം തന്നെയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കൊല്ലം നഗരസഭയുടെ 14,15 വാര്‍ഡുകള്‍. 20 മുതല്‍ 41 വരേയുമുള്ള വാര്‍ഡുകളും കൊല്ലം താലൂക്കില്‍ ഉള്‍പ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേര്‍ന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. സി.പി.എമ്മിലെ എം. നൗഷാദ് ആണ് 2016 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കൊല്ലം നഗരസഭയിലെ 6 മുതല്‍ 13 വരേയും 16 മുതല്‍ 19 വരേയും 42 മുതല്‍ 48 വരേയും വാര്‍ഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂര്‍, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണ് കൊല്ലം. 2016 മുതല്‍ സി.പി.എമ്മിലെ മുകേഷ് ആണ് കൊല്ലം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011ല്‍ സിപിഎമ്മിലെ ഗുരുദാസനാണ് ഇവിടെ നിന്ന് ജയിച്ചത്.

കൊല്ലം താലൂക്കില്‍; കൊല്ലം നഗരസഭയുടെ 1 മുതല്‍ 5 വരേയും 49,50 എന്നീ വാര്‍ഡുകളും കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ചവറ നിയമസഭാമണ്ഡലം. സിഎംപിയിലെ വിജയന്‍പിള്ളയാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തോടെ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്.

രണ്ടും മൂന്നും പ്രാവശ്യം ഒരേയാളെ വിജയിപ്പിച്ച മണ്ഡലങ്ങളാണ് പൊതുവെ ഈ ജില്ലയിലുള്ളത്. ആ അര്‍ത്ഥത്തില്‍ ഈ ജില്ലയ്ക്ക് സ്ഥിരതയും അവകാശപ്പെടാനാവും. അതേസമയം ഓരോ തിരഞ്ഞെടുപ്പിലും ചാഞ്ചാടുന്ന സ്വഭാവം ഈ ജില്ലയിലെ പ്രവചനം ദുഷ്‌കരമാക്കുന്നു. അതേസമയം എന്‍ഡിഎയ്ക്ക് ജയസാധ്യത നിര്‍ണയിക്കാനുള്ള വോട്ട് വിഹിതമുണ്ടെങ്കിലും ജയിക്കാനുളള സാധ്യത വിരളമാണെന്ന് ഉറപ്പിച്ചുപറയാം. അതേസമയം എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, തുടങ്ങി നവസാമൂഹികസ്വഭാവമുളള പാര്‍ട്ടികളുടെ സ്വാധീനം ഈ മണ്ഡലത്തില്‍ വര്‍ധിച്ചുവരുന്നതും ദൃശ്യമാണ്.

Next Story

RELATED STORIES

Share it