Latest News

നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍ കൊണ്ടുവരും

നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍ കൊണ്ടുവരും
X

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് തുടങ്ങും. തിരുവനന്തപുരം കോര്‍പറേഷനിലെ ഉള്‍പ്പെടെ താല്‍ക്കാലിക നിയമനങ്ങള്‍, വിഴിഞ്ഞം സമരം, സില്‍വര്‍ ലൈന്‍ പദ്ധതി നടപടികളില്‍ നിന്നുള്ള പിന്‍മാറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രതിപക്ഷം ഇത്തവണ സഭയില്‍ ആയുധമാക്കും. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണ് ഈ സമ്മേളനത്തിന്റെ സവിശേഷത. സര്‍വകലാശാലാ ഭരണത്തില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി ഇടപെട്ടതോടെയാണു ചാന്‍സലര്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണു സഭാസമ്മേളനം വിളിച്ച് ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ ബില്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിലില്ല.

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയര്‍ത്തി ആദ്യദിനം പിന്‍വാതില്‍ നിയമനത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കും. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാവും. ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പാണുള്ളത്. ഇക്കാര്യം ലീഗ് പരസ്യമാക്കിയിട്ടുണ്ട്. ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും.

തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തിയുണ്ട്. ലീഗിനെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനങ്ങളാവും യുഡിഎഫ് കൈക്കൊള്ളുക. അതേസമയം, പ്രതിപക്ഷ നിരയിലെ ഭിന്നത സഭയില്‍ ആയുധമാക്കാനാവും ഭരണപക്ഷം ശ്രമിക്കുക. കൂടാതെ ശശി തരൂരിന്റെ പര്യടനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷത്തെ നേരിടാനാവും ഭരണപക്ഷത്തിന്റെ ശ്രമം. വിഴിഞ്ഞം സമരത്തിന്റെയും സംഘര്‍ഷങ്ങളുടെയും പേരില്‍ കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് സഭ ചേരുന്നതെന്നതാണ് ശ്രദ്ധേയം.

വിഴിഞ്ഞത്ത് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് അനുരഞ്ജന ശ്രമങ്ങള്‍ തുടരും. എ എന്‍ ഷംസീര്‍ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യസമ്മേളനമാണിത്. ഇന്നും നാളെയുമായി ഏഴ് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് സഭയിലെ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് 7 മുതലുള്ള ദിവസങ്ങളിലെ നടപടിക്രമത്തില്‍ ധാരണയിലെത്തും. 15 വരെയാണു സഭ സമ്മേളിക്കുക. തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ മന്ത്രി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗവും ഇന്ന് ചേരും.

Next Story

RELATED STORIES

Share it