Latest News

എല്‍ഡിഎഫ് കൗണ്‍സിലമാര്‍ക്കെതിരെയുള്ള ബിജെപി കൗണ്‍സിലര്‍മാരുടെ ആക്രമണം അപലപനീയം: മേയര്‍ ആര്യ രാജേന്ദ്രന്‍

തെരുവുഗുണ്ടകളുടെ ശരീരഭാഷയുമായി ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ നഗരത്തിന് ആകെ അപമാനമാണ്

എല്‍ഡിഎഫ് കൗണ്‍സിലമാര്‍ക്കെതിരെയുള്ള ബിജെപി കൗണ്‍സിലര്‍മാരുടെ ആക്രമണം അപലപനീയം: മേയര്‍ ആര്യ രാജേന്ദ്രന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് കൗണ്‍സിലമാര്‍ക്കെതിരെ ബിജെപി കൗണ്‍സിലമാര്‍ നടത്തിയ ഹീനവും ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവുമായ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നവെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കോര്‍പറേഷനിലെ ബഡ്ജറ്റ് അവതരിപ്പിച്ച് ചര്‍ച്ച ചെയ്യാനും പാസാക്കാനും വേണ്ടി ചേര്‍ന്ന കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപി നടത്തിവന്ന ജനാധിപത്യവിരുദ്ധ നിലപാട് ഇന്ന് കയ്യാങ്കളിയിലേയ്ക്ക് കടന്നത് നഗരവാസികള്‍ക്കാകെ അപമാനമാണെന്നും മേയര്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

ഈ കൗണ്‍സില്‍ നിലവില്‍ വന്ന ശേഷം ഭരണസമിതി നടപ്പാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുക എന്ന നിലപാടിനപ്പുറം ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ തയ്യാറാകാത്ത ബിജെപി തനി ഫാഷിസമാണ് പയറ്റുന്നത്. ബിജെപി അംഗങ്ങള്‍ക്ക് പറയാനുള്ളത് കൗണ്‍സില്‍ യോഗങ്ങളില്‍ പറയുകയും മറുപടി കേള്‍ക്കാനുള്ള സഹിഷ്ണുത ഇല്ലാതെ തുടര്‍ച്ചയായി ബഹളം വയ്ക്കുകയും കൂകിവിളിക്കുകയും ചെയ്ത നഗരസഭയുടെയും നഗരത്തിന്റെയും അന്തസ്സിന് നിരക്കാത്ത ഇടപെടലുകള്‍ ആണ് കഴിഞ്ഞ ഒരുവര്‍ഷമായി ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു.

ബഡ്ജറ്റ് ചര്‍ച്ചയ്ക്കായാണ് ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്ന് ഒരുപാട് നിര്‍ദേശങ്ങള്‍ ലഭിക്കുകയും അതില്‍ ഒട്ടുമിക്കവയും ഉള്‍പ്പെടുത്തുകയും ചെയ്ത ബഡ്ജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബഡ്ജറ്റിനെ ജനകീയ ബഡ്ജറ്റ് എന്ന് നിസംശയം വിളിക്കാം. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നു. ഇന്നും അതിനുള്ള അവസരം ഉണ്ടായിരുന്നു, ബിജെപി അംഗങ്ങള്‍ ഇന്ന് അവര്‍ക്ക് പറയുന്നള്ളത് മുഴുവന്‍ പറഞ്ഞ ശേഷം ഒട്ടും മര്യാദയില്ലാതെ ബഹളം വയ്ക്കുകയും കൗണ്‍സില്‍ ഹാളിന് നടുവില്‍ ഇറങ്ങി കൂകിവിളിക്കുകയും എല്‍ഡിഎഫ് അംഗങ്ങളെ പരിഹസിക്കാനുമാണ് തുനിഞ്ഞത്. ബഹളത്തിനിടെ ബഡ്ജറ്റ് പാസാക്കി കൗണ്‍സില്‍ പിരിയുകയും ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷമായി പല നടപടികളും ഇങ്ങനെ ബിജെപി അംഗങ്ങളുടെ കൂകിവിളികള്‍ക്കിടയില്‍ പാസ്സാക്കേണ്ടി വന്നിട്ടുണ്ട്.

ജനാധിപത്യ ചര്‍ച്ചകള്‍ അവര്‍ക്ക് ശീലമില്ല എന്നതിന്റെ തെളിവാണത്. തുടര്‍ന്നാണ് എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ബിജെപി അംഗങ്ങള്‍ ആക്രമണം നടത്തിയത്. മേയറുടെ ചേമ്പറിലേയ്ക്ക് വരികയായിരുന്ന ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ നിസാമിന് നേരെയാണ് ആദ്യം ആക്രമണം. അത്കണ്ട് ഓടിയെത്തിയ നന്തന്‍കോഡ് വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. റീന, ആറന്നൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മേനോന്‍, ഞാണ്ടൂര്‍ക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ആശ ബാബു എന്നിവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ആശ ബാബുവിന്റെ മുഖത്തും മര്‍ദ്ദിച്ചു. തെരുവ്ഗുണ്ടകളുടെ ശരീരഭാഷയുമായി ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ നമ്മുടെ നഗരത്തിന് ആകെ അപമാനം ഉണ്ടാക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ വീടുകയറി ആക്രമിക്കുമെന്ന ഭീഷണിയും ഉയര്‍ത്തുകയുണ്ടായി. ജനാധിപത്യത്തിന് തരിമ്പും വിലകല്പിക്കാത്ത ഫാഷിസ്റ്റ് മാനസികാവസ്ഥയുടെ ലക്ഷണമാണിത്. ഈ മനസികാവസ്ഥയുമായാണ് ഇന്ന് കൗണ്‍സില്‍ ഹാളില്‍ ഈ ആക്രമണവും ഭീഷണിയും അഴിച്ച് വിട്ടത്.

മുന്‍ മേയര്‍ വികെ പ്രശാന്തിനെയും ഇതേ രീതിയില്‍ ആക്രമിച്ച് ഇല്ലാതാക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എതിര്‍ക്കുന്നവരെയും തങ്ങളുടെ അജണ്ടകള്‍ക്ക് വഴങ്ങാത്തവരെയും ആക്രമിച്ച് വരുതിയിലാകാനും നശിപ്പിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ ഈ ശൈലിയ്‌ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം. ബിജെപിയുടെ ഭീഷണിയ്ക്കും ആക്രമണത്തിനും മുന്നില്‍ മുട്ടുമടക്കുന്ന നാടല്ല കേരളമെന്ന് ഇടയ്ക്കിടയ്ക്ക് ഇക്കൂട്ടര്‍ മറന്ന് പോകുന്നു എന്നാണ് മനസിലാക്കുന്നത്. അത്തരം ഭീഷണിയൊന്നും വകവെച്ച് തരുന്ന നാടല്ല ഇതെന്നും മേയര്‍ പറഞ്ഞു.

യുഡിഎഫിന്റെ പ്രസ്താവന

നഗരസഭ ബഡ്ജറ്റ് രണ്ടാം ദിവസത്തെ ഹെഡ് തിരിച്ചുള്ള ചര്‍ച്ചയും വോട്ടെടുപ്പും ബഹളത്തില്‍ കലാശിച്ചു. ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് മേയര്‍ തന്റെ ആമുഖ പ്രസംഗത്തില്‍ നടത്തിയ പ്രകോപനപരമായ വാക്കുകള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ചൊടിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് ബിജെപി-എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പരസ്പരം പോര്‍വിളികളുമായി കൗണ്‍സില്‍ ചര്‍ച്ച തടസപ്പെടുത്തുകയായിരുന്നു. ഈ സമയം യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി പത്മകുമാറിനെ സംസാരിക്കാന്‍ ക്ഷണിച്ചുവെങ്കിലും ബഹളം കാരണം പ്രസംഗം തടസപ്പെട്ടു. മേയറും ബിജെപി യും ചേര്‍ന്ന് ബഡ്ജറ്റ് ചര്‍ച്ചയെ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ നടുതളത്തില്‍ പ്ലകാര്‍ഡുമായി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് വാക്ക്ഔട്ട് നടത്തി. ഈ സമയം മേയര്‍ ചര്‍ച്ച കൂടാതെ ബഡ്ജറ്റ് പാസ്സായതായി പ്രഖ്യാപിച്ചു യോഗം പിരിച്ചു വിട്ടു.

പുറത്തിറങ്ങിയ ചില ബിജെപി-എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മനപ്പൂര്‍വം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി വാഗ്വാദം നടത്തുകയും, പരസ്പരം പഴി ചാരി ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു.

2022-23 ലേക്കുള്ള നഗരസഭ ബഡ്ജറ്റ് തട്ടിക്കൂട്ടിയതാണെന്നും അതിന് നിരവധി തെളിവുകളുണ്ടെന്നും യുഡിഎഫ് ലീഡര്‍ പി പത്മകുമാര്‍ പറഞ്ഞു. വസ്തുനികുതി ഇനത്തില്‍ 100 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് പറയുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 കോടി രൂപ മാത്രമാണ് യഥാര്‍ത്ഥ വരവ്. ഓരോ വര്‍ഷവും ഒന്നോ രണ്ടോ കോടി രൂപ മാത്രമാണ് യഥാര്‍ത്ഥ വസ്തു നികുതി വര്‍ദ്ധനവ്. ഈ വര്‍ഷം പരമാവധി 68 കോടി മാത്രമേ പ്രതീക്ഷിക്കാന്‍ വകയുള്ളു. അവിടെയാണ് 100 കോടി ബഡ്ജറ്റില്‍ കാണിച്ചിരിക്കുന്നത്.

പുതിയ ബഡ്ജറ്റില്‍ 1628 കോടി 89 ലക്ഷം രൂപ ആകെ വരവും 1356 കോടി 27 ലക്ഷം രൂപ ചെലവും 272 കോടി 61ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നു. 202021 ല്‍ 1258 കോടി രൂപ വരവും 1151 കോടി രൂപ ചെലവും പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്തുത വര്‍ഷം യഥാര്‍ത്ഥ വരവ് 766 കോടി രൂപയും, ചെലവ് 663 കോടി രൂപയുമായിരുന്നു. ആനുപാതികമായ വര്‍ദ്ധനവ് പുതിയ ബഡ്ജറ്റില്‍ പറയുന്ന തുകയുടെ അടുത്തെങ്ങും എത്തില്ല എന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും.

വിനോദനികുതി ജിഎസ്ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത നികുതി നേരിട്ട് പിരിക്കുന്ന കേരളത്തെയും തമിഴ്‌നാടിനെയും നികുതി പിരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പക്ഷെ, കഴിഞ്ഞ 5 വര്‍ഷം തിരുവനന്തപുരം നഗരസഭ 25 ശതമാനം വരുന്ന വിനോദ നികുതി പിരിക്കാതെ ഉദ്ദേശം 50 കോടിയുടെ വരുമാനം നഷ്ടപ്പെടുത്തി. ഈ വര്‍ഷം ആയത് 10 ശതമാനം പിരിച്ചു തുടങ്ങുമെന്നും 5 കോടി വരവ് പ്രതീക്ഷിക്കുന്നതായും പറയുന്നു. 25 ശതമാനമായിരുന്നപ്പോള്‍ അവസാനവര്‍ഷം പിരിച്ചത് 9 കോടിയായിരുന്നു. അതിന്റെ 10 ശതമാനം ആക്കിയാല്‍ പരമാവധി 3.5 കോടി മാത്രമേ ലഭിക്കുകയുള്ളു.

പ്രത്യേക ഗ്രാന്റ് ഇനത്തില്‍ 202021 ല്‍ 11 കോടി രൂപയും 202122 ല്‍ 9 കോടി രൂപയും വരവ് പറയുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം 95 കോടി രൂപ ലഭിക്കുമെന്നാണ് ബഡ്ജറ്റില്‍ കാണിച്ചിരിക്കുന്നത്.

ഇതിപോലെ തന്നെ തൊഴില്‍ നികുതി, വാടക വരുമാനത്തില്‍ ഹെഡില്ലാതെ 4 കോടി, ടൗണ്‍ ഹാളില്ലാത്ത നഗരസഭയ്ക്ക് ടൗണ്‍ ഹാള്‍ വരവ് (ആമുഖ പ്രസംഗത്തില്‍ മേയര്‍ തന്നെ ടൗണ്‍ ഹാള്‍ ഇല്ലാത്ത ഏക നഗരസഭ തിരുവനന്തപുരം നഗരസഭയാണെന്ന് പറയുന്നുണ്ട്) എന്നിവയില്‍ എല്ലാം ഊതി പെരുപ്പിച്ച വരവ് കണക്ക് കാണാമെന്ന് പത്മകുമാര്‍ പറഞ്ഞു. മിച്ച ബഡ്ജറ്റ് എന്ന് അവതരിപ്പിച്ച നഗരസഭ ബഡ്ജറ്റ്, ശരിക്കും കമ്മി ബഡ്ജറ്റാണെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഈ വിവരം കാണിച്ചു സര്‍ക്കാരിനും, ഓംബുഡ്‌സ്മാനും കത്ത് നല്‍കുമെന്ന് യുഡിഎഫ് നേതാക്കളായ പി പത്മകുമാര്‍, ജോണ്‍സണ്‍ ജോസഫ്, പി ശ്യാകുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it