Latest News

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 40 നഗരസഭകളുടെ ആക്ഷന്‍ പ്ലാനിന് അംഗീകാരം

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 40 നഗരസഭകളുടെ ആക്ഷന്‍ പ്ലാനിന് അംഗീകാരം
X

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി 40 നഗരസഭകളുടെ ആക്ഷന്‍ പ്ലാനും 62.8 കോടിയുടെ ലേബര്‍ ബഡ്ജറ്റും അംഗീകരിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരസഭകള്‍ക്ക് ഒന്നാം ഗഡു അനുവദിക്കാനും സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റെ യോഗം തീരുമാനിച്ചു. ജോലിചെയ്യുന്ന തൊഴിലാളികളുടെ ദിവസവേതനം 311 രൂപയാക്കി ഇതിനകം വര്‍ധിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.

നഗരങ്ങളിലെ ദാരിദ്ര ലഘൂകരണ പ്രക്രിയയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നിര്‍ണായക പങ്ക് വഹിക്കാനാവും. കൊവിഡാനന്തര കാലഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതി സാധാരണക്കാര്‍ക്ക് വലിയ തോതില്‍ സഹായകരമാണ്. കേരളം പദ്ധതിയിലൂടെ രാജ്യത്തിന് പുത്തന്‍ മാതൃകയാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓരോ നഗരസഭകളുടെയും പ്രവൃത്തിയിലെ പുരോഗതി കൗണ്‍സില്‍ വിലയിരുത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ 30 വരെ സംസ്ഥാനത്താകെ 23.02 ലക്ഷം തൊഴില്‍ദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ നഗരസഭകളില്‍ സൃഷ്ടിച്ചത്. ഇതിനായി 75.13 കോടിയാണ് ചെലവായത്. ഇതില്‍ 20.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ മുനിസിപ്പാലിറ്റികളിലും 2.57 ലക്ഷം തൊഴില്‍ദിനങ്ങള്‍ കോര്‍പറേഷനിലുമാണ്.

55,059 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച കൊല്ലമാണ് കോര്‍പറേഷനുകളില്‍ ഒന്നാം സ്ഥാനത്ത്. മുനിസിപ്പാലിറ്റികളില്‍ 52,830 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച കൊട്ടാരക്കരയാണ് ഒന്നാം സ്ഥാനത്ത്. 1093 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലുവ നഗരസഭയാണ് നഗരസഭകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ഈ വര്‍ഷം ഇതിനകം 79.7കോടി രൂപയാണ് പദ്ധതിക്കായി നഗരസഭകള്‍ക്ക് അനുവദിച്ചുനല്‍കിയത്.

Next Story

RELATED STORIES

Share it