Latest News

ആതിഖ് അഹമ്മദിനെ കൊന്നവരിലൊരാള്‍ ബജ്രംഗ്ദള്‍ നേതാവ്; സണ്ണിക്കെതിരെ 17 ക്രിമിനല്‍ കേസുകള്‍

പ്രശസ്തരാകാന്‍ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്ന് ഇവര്‍ പറഞ്ഞതായും പൊലീസ് സൂചിപ്പിച്ചു.

ആതിഖ് അഹമ്മദിനെ കൊന്നവരിലൊരാള്‍ ബജ്രംഗ്ദള്‍ നേതാവ്; സണ്ണിക്കെതിരെ 17 ക്രിമിനല്‍ കേസുകള്‍
X

ലഖ്നൗ: ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ലവ്ലേഷ് തിവാരി ബജ്രംഗ്ദള്‍ നേതാവ്. ലവ്ലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായ മറ്റൊരു യുവാവ് സണ്ണി ഹമീര്‍പുര്‍ ജില്ലയിലെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ട വ്യക്തിയാണ് പിടിയിലായ മൂന്നാമന്‍ അരുണ്‍ മൗര്യ. കാസ്ഗഞ്ച് സ്വദേശിയാണ് ഇയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രശസ്തരാകാന്‍ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്ന് ഇവര്‍ പറഞ്ഞതായും പൊലീസ് സൂചിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് മൂവര്‍ സംഘം ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നത്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന ശേഷം സംഘം ജയ് ശ്രീറാം വിളിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും യുപി സര്‍ക്കാര്‍ അറിയിച്ചു.


അതേസമയം, കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തിന്റ മറവില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കങ്ങള്‍ തടയണമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്രം യുപി സര്‍ക്കാരിനെ അറിയിച്ചു.





Next Story

RELATED STORIES

Share it