Latest News

വമ്പൻ ശമ്പളം വാഗ്ദാനം, മലയാളികളെ വലയിൽ വീഴ്ത്തൽ ജോലി; ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂരത, പിന്നിൽ ചൈനീസ് സംഘം

വമ്പൻ ശമ്പളം വാഗ്ദാനം, മലയാളികളെ വലയിൽ വീഴ്ത്തൽ ജോലി; ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂരത, പിന്നിൽ ചൈനീസ് സംഘം
X

കൊച്ചി: മലയാളികളെ വിദേശത്തേക്ക് കടത്തി സൈബര്‍ തട്ടിപ്പിന്റെ കണ്ണികളാക്കുന്ന ചൈനീസ് സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകം. സൈബര്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളായ വിദേശത്തെ കാള്‍ സെന്ററുകളുടെ ദൃശ്യങ്ങള്‍ ലഭിചു. ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയാകുമെന്ന് ഇരയായ പുല്ലുവിള സ്വദേശി പറഞ്ഞു.

വിദേശത്തെ കോള്‍ സെന്ററില്‍ ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്തുള്ള കോളാണ് രജിനെ കുടുക്കിയത്. കൊല്ലത്തെ ഏജന്റ് മൂന്ന് ലക്ഷം വാങ്ങിയാണ് ജോലി ഓഫര്‍ ചെയ്തത്. ആദ്യം മുംബെയിലേക്ക്. പിന്നെ വിയറ്റ്‌നാമിലേക്ക്. അവിടെ നിന്ന് കമ്പോഡിയ. ജയിലിന് സമാനമായ കെട്ടിടത്തിലായിരുന്നു ജോലി. വ്യാജ പ്രൊഫൈലുണ്ടാക്കി മലയാളികളെ വലയില്‍ വീഴ്ത്തി പണം തട്ടുന്ന സംഘത്തിലേക്കാണ് നിയമനമെന്ന് അറിഞ്ഞത് പിന്നീടാണ്. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ള കോള്‍ സെന്ററുകളുടെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ഓരോ ദിവസവും സൈബര്‍ വലയില്‍ കുരുക്കാനുള്ള ആളുകളുടെ എണ്ണം നിശ്ചയിച്ച് നല്‍കും. അത് പാലിച്ചില്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനമാണെന്ന് രജിന്‍ പറയുന്നു. രജിനെ പോലെ ക്രൂര പീഡനത്തിനിരയായവര്‍ നിരവധിയാണ്. ചിലരുടെ ഫോട്ടോകളും ലഭിച്ചു. പലരും കോള്‍ സെന്ററില്‍ അടിമകളെ പോലെ കഴിയുകയാണ്. കോള്‍ സെന്ററില്‍ നിന്ന് സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കമ്പോഡിയയിലെ എംബസിയില്‍ എത്തി ഭാഗ്യം കൊണ്ടാണ് രജിന്‍ രക്ഷപ്പെട്ടത്.മ്യാന്‍മാറിലും കമ്പോഡിയയിലും ലാവോസിലുമെല്ലാം ഇത്തരം നിരവധി കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സൗഹൃദം സ്ഥാപിച്ച് വിഡോയോ കോള്‍ വിളിക്കുക, നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ആളെ പറ്റിച്ച് പണം തട്ടുക, കൈമാറിയ കൊറിയറില്‍ മയക്കുമരുന്ന് പിടികൂടിയെന്ന പേരില്‍ സിബിഐയോ കസ്റ്റംസ് ചമഞ്ഞ് ഫോണ്‍ വിളിക്കുക... അങ്ങനെ തട്ടിപ്പിന് പല രീതികളുമുണ്ട്. കേരളത്തില്‍ തട്ടിപ്പ് നടത്താന്‍ മലയാളികള്‍, തമിഴ്‌നാടുകാരെ കുടുക്കാന്‍ തമിഴന്മാര്‍ , അങ്ങനെ ഓരോ നാട്ടുകാരെയും കോള്‍ സെന്ററിലെത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ചൈനീസ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട എംബസികളില്‍ അഭയം തേടിയ രജിനെ പോലെ ചിലര്‍ നാട്ടിലെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യക്കടത്ത് സംഘത്തെ കുറിച്ച് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it