Latest News

തലസ്ഥാനം പിടിച്ച് ബിജെപി; ആംആദ്മിക്ക് തോല്‍വി

തലസ്ഥാനം പിടിച്ച് ബിജെപി; ആംആദ്മിക്ക് തോല്‍വി
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. 48 സീറ്റിനാണ് ബിജെപിയുടെ വിജയം. 26 വര്‍ഷത്തിനിടെ ആദ്യമായി അധികാരത്തിലെത്തിയ ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

എഎഎപിക്ക് 22 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റും നേടാന്‍ കഴിഞ്ഞില്ല. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ക്ക് സീറ്റ് നഷ്ടപ്പെട്ടത് എഎപിയെ തളര്‍ത്തിയിട്ടുണ്ട്. ന്യൂഡല്‍ഹി സീറ്റില്‍ നിന്ന് ബിജെപിയുടെ പര്‍വേഷ് വര്‍മ്മയാണ് അരവിന്ദ്കെജ്‌രിവാളിനെ പരാജയപ്പെടുത്തിയത്. 1884 വോട്ടുകള്‍ക്കാണ് തോല്‍വി. എഎപിയുടെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയം ഏറ്റു വാങ്ങി.900 വോട്ടുകള്‍ക്കായിരുന്നു പരാജയം.

2013 ലാണ് കെജ്‌രിവാള്‍ ആദ്യമായി ന്യൂഡല്‍ഹി മണ്ഡലത്തില്‍ വിജയിച്ചത്. ഷീലാ ദീക്ഷിതിനെതിരെ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കന്നി വിജയം. 2015 ലെ തിരഞ്ഞെടുപ്പില്‍ 32,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും വിജയിക്കുകയായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അതിഷി, കല്‍ക്കാജി സീറ്റില്‍ നിന്ന് ബിജെപിയുടെ രമേശ് ബിധൂരിയെ പരാജയപ്പെടുത്തി വിജയം കൈവരിച്ചതാണ് പാര്‍ട്ടിക്ക് ഏക ആശ്വാസം. ഡല്‍ഹി കാന്റ് നിയോജകമണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വീരേന്ദര്‍ സിംഗ് കാഡിയനും വിജയിച്ചു.70 അംഗ നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് സാഹിബ് സിങ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള ബിജെപിയുടെ പ്രമുഖ മുഖങ്ങളില്‍ ഒരാളായി ഉയര്‍ന്നുവന്നിട്ടുണ്ട്.

മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വിജയം പ്രവചിച്ചിരുന്നു. ഫെബ്രുവരി 5 ന് നടന്ന ഒറ്റ ഘട്ട തിരഞ്ഞെടുപ്പില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 60.54 ശതമാനം പോളിംങ് രേഖപ്പെടുത്തി. യമുന നദിയിലെ മലിനീകരണം, കെജ്രിവാളിനും സിസോദിയയ്ക്കുമെതിരായ മദ്യനയ കേസുകള്‍, കോവിഡ് -19 പാന്‍ഡെമിക് സമയത്ത് കെജ്രിവാളിന്റെ വസതി പുതുക്കിപ്പണിയുന്നതിനുള്ള പണ ചിലവ് എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രധാനമായും ഉന്നയിച്ച വിഷയങ്ങള്‍.

Next Story

RELATED STORIES

Share it