Latest News

ബിജെപി സര്‍ക്കാരിന്റെ ആദിവാസി, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധത ദ്രൗപദി മുര്‍മുവിന്റെ മഹത്വംപറഞ്ഞ് കഴുകിക്കളയാനാവില്ലെന്ന് ബിനോയ് വിശ്വം എംപി

ബിജെപി സര്‍ക്കാരിന്റെ ആദിവാസി, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധത ദ്രൗപദി മുര്‍മുവിന്റെ മഹത്വംപറഞ്ഞ് കഴുകിക്കളയാനാവില്ലെന്ന് ബിനോയ് വിശ്വം എംപി
X

കണ്ണൂര്‍: ബിജെപിയുടെ എട്ട് വര്‍ഷത്തെ ഭരണത്തിലൂടെ പ്രതിഫലിച്ച ആദിവാസി, ഗോത്ര, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധതയെന്ന പാപത്തിന്റെ കളങ്കം ദ്രൗപദി മുര്‍മു എന്ന മഹത്വം കൊണ്ട് മാഞ്ഞുപോകില്ലെന്ന് ബിനേയ് വിശ്വം എംപി. എന്‍ ഇ ബാലറാം -പി പി മുകുന്ദന്‍ അനുസ്മരണ പരിപാടി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റുകാര്‍ മാത്രമെ ഈ സത്യം ശക്തമായി പറയാനുള്ള ആര്‍ജവം കാണിക്കുകയുള്ളുവെന്നും ഇത്തരം മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ പകര്‍ന്ന് കിട്ടിയത് എന്‍ ഇ ബാലറാം, പി പി മുകുന്ദന്‍ എന്നിവരെ പോലുള്ള മഹത്‌വ്യക്തിത്വങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി യുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധിയായി മുര്‍മുവിനെ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചതെന്നത് വ്യക്തമാണ്. ആദിവാസികളുടെ ജീവിതപ്രശ്‌നങ്ങള്‍ വരുമ്പോഴും ദളിതരുടെയോ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യം വരുമ്പോഴും മുഖം തിരിക്കുന്നവരാണ് ബിജെപിയെന്നത് എത്രയോ തവണ തെളിയിച്ചിരിക്കുന്നു. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദലിത് വിഭാഗത്തില്‍ നിന്നുമുള്ള വ്യക്തിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ അന്നും പല പ്രഖ്യാപനങ്ങളും പ്രതീക്ഷകളും നല്‍കിയിരുന്നു. വീണ്ടും ആദിവാസികളെയും നാടിനെയും വഞ്ചിക്കാനുളള തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ചരിത്രം മോദിയെക്കുറിച്ച് പറയുന്നത് 'ഹാ കഷ്ടം' എന്നൊന്ന് മാത്രമായിരിക്കും- അദ്ദേഹം പറഞ്ഞു.

''ഇനി വരുന്ന 40 വര്‍ഷങ്ങള്‍ തങ്ങളുടേതാണെന്നും ഒരു ലക്ഷം ശാഖകള്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്നുമാണ് ആര്‍ എസ് എസ് പറയുന്നത്. ഇത് വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. രാജ്യത്ത് കോടാനുകോടി സ്ത്രീകളില്‍ ഒരാളെ പോലും ആര്‍എസ്എസ് അംഗമല്ല. സ്ത്രീകള്‍ക്ക് ആര്‍എസ്എസില്‍ അംഗത്വം കൊടുക്കാത്തതിന് കാരണം ചോദിക്കുമ്പോഴുള്ള മറുപടി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ സേവിക സംഘ് ഉണ്ടെന്നാണ്. ഇതില്‍ നിന്ന് തന്നെ അവരുടെ സ്ത്രീവിരുദ്ധത വ്യക്തമാണ്. എട്ട് വര്‍ഷമായി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വനിതാ സംവരണ ബില്ലിനെ കുറിച്ച് എന്താണ് മൗനം പാലിക്കുന്നത് ആ കെട്ടി പൂട്ടി വെച്ചിരിക്കുന്ന ബില്‍ പാസാക്കിയാല്‍ ബിജെപിയുടെ ആശയങ്ങളെ എന്നും എതിര്‍ത്ത ഇടതുപക്ഷം ബിജെപിയെ പിന്തുണക്കും. എന്നാല്‍ ഈ വെല്ലുവിളി ഒരിക്കലും ബിജെപി സ്വീകരിക്കില്ലെന്നുറപ്പാണ്. സംവാദങ്ങള ഇടതുപക്ഷം ഭയപ്പെടാന്‍ പാടില്ലെന്നാണ് എന്‍ ഇ ബാലറാം പഠിപ്പിച്ചത്. സ്വന്തം ശരിയില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ അത് നിറഞ്ഞ ഹൃദയത്തോടെ നിങ്ങള്‍ കൃത്യമായി പറഞ്ഞാല്‍ മതിയെന്നും അതിന് നിങ്ങള്‍ ബഹളം കൂട്ടേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ആ ശരി ഒടുവില്‍ ശരി തന്നെയാണെന്ന് തെളിയുക തന്നെ ചെയ്യും. നില തെറ്റിയ വാക്കും ശൈലിയും നമ്മുടെ ഉള്ളിലെ ശരിയെ കുറിച്ച് സംശയം തോന്നുമ്പോഴാണ്. സംവാദത്തിലെ തരംതാണ ശൈലികള്‍ മാര്‍ക്‌സിസ്റ്റ് രീതിയല്ലെന്ന് എന്നും ബോധ്യപ്പെടുത്തിയ നേതാവാണ് എന്‍ ഇ ബാലറാം.''

കഴിഞ്ഞ ദിവസം സ്പീക്കര്‍ രാജേഷ് നല്‍കിയ ഇടത് ബോധ്യത്തോടെയുള്ള റൂളിങ്ങ് ബാലറാം എന്ന വ്യക്തിത്വം യുവ കമ്മ്യുണിസ്റ്റുകാരില്‍ തീര്‍ത്ത സ്വാധീനമായാണ് താന്‍ കണക്കാക്കുന്നതെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. അദ്ദേഹം മറ്റൊരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് അത് സമ്മതിക്കില്ലെങ്കിലും താന്‍ അങ്ങനെയാണ് മനസിലാക്കിയത്. മുകുന്ദേട്ടന്‍ സാധാരണ മനുഷ്യനായിരുന്നുവെങ്കിലും അസാധാരണമായ ധൈര്യവും കരുത്തും അദ്ദേഹത്തില്‍ പ്രതിഫലിച്ചിരുന്നു. പരിഹാസങ്ങളുടെ കൂരമ്പുകളെയും ഭീഷണികളെയും കൂസാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് പി പി മുകുന്ദേട്ടനെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

പരിപാടിയില്‍ സംസ്ഥാന എക്‌സി. അംഗം സി എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ എം പി സ്വാഗതം പറഞ്ഞു.

Next Story

RELATED STORIES

Share it