Latest News

പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത് : ഖാർഗെ

പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത് : ഖാർഗെ
X

റായ്പൂര്‍: ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 400ല്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുന്നത് ദരിദ്രരുടെയും പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനല്ലെന്നും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുമാണ് ഈ തിരഞ്ഞെടുപ്പ് പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

ചില ബിജെപി നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടില്ലെങ്കില്‍ തങ്ങള്‍ ഭരണഘടന മാറ്റാനോ സംവരണം അവസാനിപ്പിക്കാനോ പോകുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് വ്യക്തമാക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശിവകുമാര്‍ ദഹാരിയക്ക് വോട്ട് തേടികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രധാനമന്ത്രി മോദിയെ അദ്ദേഹം വിമര്‍ശിച്ചു. വിഡിയോകള്‍ ഉണ്ടാക്കാനും സമൂഹമാധ്യമത്തിലൂടെ ആളുകളെ അപകീര്‍ത്തിപ്പെടുത്താനും ബിജെപിക്ക് വൈദഗ്ദ്ധ്യമുണ്ട്. തങ്ങള്‍ ഒരിക്കലും അത് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം ഒന്നായി തുടരണമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

ഛത്തീസ്ഗഡിന് 11 ലോക്‌സഭ സീറ്റുകളാണുള്ളത്. ബസ്തര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 19 ന് വോട്ടെടുപ്പ് നടന്നു. രാജ്‌നന്ദ്ഗാവ്, മഹാസമുന്ദ്, കാങ്കര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 നും. മെയ് 7നാണ് സര്‍ഗുജ, റായ്ഗഡ്, ജഞ്ജ്ഗിര്‍ ചമ്പ, കോര്‍ബ, ബിലാസ്പൂര്‍, ദുര്‍ഗ്, റായ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ 11ല്‍ ഒമ്പത് സീറ്റുകളും നേടി ബിജെപി ആധിപത്യം പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന് രണ്ടു മാത്രമാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it