Latest News

രണ്ട് പോപുലർ ഫ്രണ്ട് മുൻ ഭാരവാഹികൾക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

രണ്ട് പോപുലർ ഫ്രണ്ട് മുൻ ഭാരവാഹികൾക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
X

മുംബൈ: രണ്ട് പോപുലർ ഫ്രണ്ട് മുൻ ഭാരവാഹികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ച് ഉത്തരവായത്. പോപുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022ലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്തത്.

പോപുലർ ഫ്രണ്ട് പർഭാനി ജില്ലാ മുൻ സെക്രട്ടറി മുഹമ്മദ് അബ്ദുൽ കരീം, മുൻ ട്രഷറർ മുഹമ്മദ് നിസാർ എന്നിവർക്കാണ് ജസ്റ്റിസുമാരായ ആർജി അവചത്, നീരജ് ധോത്തെ എന്നിവർ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ ദിവസവും രാവിലെ 9നും 10നുമിടയിൽ നാനാൽ പേട്ട് പോലിസ് സ്റ്റേഷനിൽ ഹാജരാവുക, പാസ്പോർട്ടുകൾ സറണ്ടർ ചെയ്യുക, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ നന്ദേഡ്, പർഭാനി ജില്ലകളുടെ അതിർത്തി വിട്ട് പോകാതിരിക്കുക, നടപടികളുമായി സഹകരിക്കുക തുടങ്ങിയവയാണ് ഉപാധികൾ. പ്രതികൾ തെളിവുകൾ നശിപ്പിക്കുകയോ കേസ് നടപടികൾക്ക് തടസ്സം സൃഷ്ടിക്കുകയോ ചെയ്യരുതെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്. ഇതിന് പുറമെ ഓരോ പ്രതിക്കും 15,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയ്ക്ക് ഒരു ആൾ ജാമ്യവും വേണം.

2022 സെപ്തംബറിൽ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ നടത്തിയ വ്യാപകമായ വേട്ടയുടെ ഭാഗമായ അറസ്റ്റിനെ തുടർന്നാണ് മറ്റ് 18 പേരോടൊപ്പം ഇവരും പിടിയിലായത്. ഐപിസി സെക്ഷൻ 121 എ, 153 ബി, 120 ബി , യുഎപിഎ സെക്ഷൻ 13 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചാർത്തിയത്.

2023 ഒക്ടോബറിൽ നന്ദേഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഫെബ്രുവരി 17ന് ജാമ്യം അനുവദിച്ച് വിധി പറഞ്ഞത്. പ്രതികൾക്കു വേണ്ടി ആർ ശെയ്ഖ് ഹാജരായി.

Next Story

RELATED STORIES

Share it