Latest News

ബഫര്‍സോണില്‍ ആശങ്ക വേണ്ട; സര്‍ക്കാരിനെതിരായ പ്രചാരവേലകളില്‍ കുടുങ്ങരുതെന്ന് സിപിഎം

ബഫര്‍സോണില്‍ ആശങ്ക വേണ്ട; സര്‍ക്കാരിനെതിരായ പ്രചാരവേലകളില്‍ കുടുങ്ങരുതെന്ന് സിപിഎം
X

തിരുവനന്തപുരം: ബഫര്‍സോണുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുമുണ്ടാവേണ്ടതില്ലെന്നും ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപോര്‍ട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിര്‍മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ് സര്‍വേയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടിനല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് പറഞ്ഞിരിക്കെ, സര്‍ക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം.

തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോവരുത്. കേരളത്തിന്റെ പരിസ്ഥിതിയും ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫര്‍സോണ്‍ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാവേണ്ടതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it