Latest News

കഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍

കഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍
X

തിരൂര്‍: കഞ്ചാവ് കടത്തിയതിനും വില്‍പ്പന നടത്തിയതിനും രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു. ആലിങ്ങലില്‍ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി സിയാദ് (25)നെ തിരൂര്‍ പോലിസ് പിടികൂടി. കഴിഞ്ഞ നവംബറിലാണ് ആലിങ്ങലില്‍ കഞ്ചാവുമായെത്തിയ കാര്‍ പോലിസ് തടഞ്ഞപ്പോള്‍ കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ ഓടിരക്ഷപ്പെട്ടത്. കാറില്‍ നിന്ന് പോലിസ് ആറ് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവശേഷം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒളിവിലായിരുന്ന പ്രതിയെ മണ്ണാര്‍ക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പോലിസ് സംഘം പിടികൂടിയത്.

തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നിര്‍ദേശപ്രകാരം തിരൂര്‍ സിഐ എം ജെ ജിജോ, എസ്‌ഐ ജലീല്‍ കറുത്തേടത്ത്, ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒമാരായ രാജേഷ്, ജയപ്രകാശ്, സിപിഒ സുമേഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റു പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ മേഖലയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നതിനായിരുന്നു പ്രതികള്‍ കഞ്ചാവ് കടത്തിയിരുന്നത്. തിരൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തിരൂര്‍ ടൗണില്‍ കഞ്ചാവ് പൊതികളുമായി വില്‍പ്പനയ്‌ക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ ഷനൂപി (35)നെ തിരൂര്‍ പോലിസ് പിടികൂടി. നിരവധി മോഷണ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയായ ജയിലില്‍നിന്നും അല്‍പകാലം മുമ്പാണ് പുറത്തിറങ്ങിയത്. തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായി കണ്ടതില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. തിരൂര്‍ സിഐ എം ജെ ജിജോ, എസ്‌ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ്‌ഐ സനീത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മലപ്പുറം ജില്ലയിലെ പല പോലിസ് സ്‌റ്റേഷനുകളിലും അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളുണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it