Latest News

മലക്കം മറിഞ്ഞ് തിരുവനന്തപുരം മേയര്‍; ജാതി തിരിച്ച് കായിക ടീമുകള്‍ രൂപീകരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

ഒദ്യോഗികമായി ഒരു ടീം മാത്രമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

മലക്കം മറിഞ്ഞ് തിരുവനന്തപുരം മേയര്‍; ജാതി തിരിച്ച് കായിക ടീമുകള്‍ രൂപീകരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു
X

തിരുവനന്തപുരം: ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകള്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമില്‍ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ടീം ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിവാദമായതോടെയാണ് മലക്കം മറിച്ചില്‍. ദലിത് കുട്ടികള്‍ക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം.

കോര്‍പറേഷന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജനറല്‍/ എസ്‌സി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ടീമുകള്‍ ഉണ്ടാക്കുമെന്ന മേയറുടെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത് വ്യാപക വിമര്‍ശനമാണ്. വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് നഗരസഭയ്ക്ക് ഔദ്യോഗികമായി ഒരു ടീമേ ഉണ്ടാകൂവെന്നും അതില്‍ എല്ലാ വിഭാഗവും ഉണ്ടാകുമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഫുട്‌ബോള്‍,വോളീബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍, അത്‌ലറ്റിക്‌സ് വിഭാഗങ്ങളിലാണ് നഗരസഭ വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ രൂപീകരിക്കുന്നത്. സെലക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ്. ഈ മാസം 13, 14 തിയ്യതികളില്‍ പൂജപ്പുര വച്ച് ഒരു സെലക്ഷന്‍ ക്യാംപ് കൂടി നടത്തുമന്നും ഇതിന് ശേഷം മാത്രമേ അന്തിമ ടീം രൂപീകരിക്കൂവെന്നുമാണ് മേയറുടെ വിശദീകരണം. 50 ലക്ഷം രൂപയാണ് ടീം രൂപീകരണത്തിന് നഗരസഭ നീക്കിവച്ചിരിക്കുന്നത്.

നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ്‌സി) എന്ന പേരില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീയിനങ്ങളില്‍ കായിക പരിശീലനം നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന, കായിക അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ സെലക്ഷന്‍ പ്രക്രിയയിലൂടെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ജനറല്‍ ഫണ്ടും എസ്‌സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് ജനറല്‍ /എസ് സി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കും.

ഓരോ ഇനത്തിലും ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ നിന്ന് 25പേര്‍ വീതം കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം ആണ് രൂപീകരിക്കുക എന്നതാണ് ആശയമെന്നും വിഷയത്തില്‍ ചര്‍ച്ചകളും വിപുലീകരണവും ആവശ്യമാണെന്നും ഇതിനായി കായിക പ്രേമികളുമായും വിദഗ്ദരുമായും ചര്‍ച്ച നടത്തുമെന്നും മേയര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it