Big stories

ജാതിയില്ലാ കേരളത്തില്‍ മൃതദേഹങ്ങള്‍ക്കും ജാതി: അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് താക്കീത്

ജാതിയില്ലാ കേരളത്തില്‍ മൃതദേഹങ്ങള്‍ക്കും ജാതി: അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് താക്കീത്
X

അഗളി: അട്ടപ്പാടി പുതൂര്‍ ആലാമരത്തെ ശ്മശാനത്തില്‍ അയിത്തം കല്‍പ്പിച്ച് മൃതദേഹം അടക്കുന്നത് തടഞ്ഞ വിഷയത്തില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എസ് സി, എസ് ടി കമ്മീഷന്റെ താക്കീത്. ശ്മശാനത്തെ പൊതുശ്മശാനമായി നിര്‍വചിച്ച് പഞ്ചായത്ത് രേഖകളില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ശ്മശാനത്തില്‍ അയിത്തം കല്‍പ്പിച്ച് മൃതദേഹം അടക്കം ചെയ്യുന്നത് തടയുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന നേരിട്ടുള്ള അന്വേഷണത്തില്‍ കമ്മീഷന് ബോധ്യപ്പെട്ടിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിന് തടസ്സം നിന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസിനും സബ് കലക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. 70 വര്‍ഷമായി ഉപയോഗിച്ചുവരുന്ന പൊതുശ്മശാനമാണ് ആലാമരം ശ്മശാനമെന്ന് നേരിട്ടുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.




പുതൂര്‍ ഉമ്മത്താംപടി പട്ടികജാതി കോളനിയിലെ ജനങ്ങളെയാണ് ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യുന്നതില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ തടഞ്ഞത്. കോളനിയിലെ ബദ്ദവാടന്‍ എന്നയാള്‍ മരിച്ചപ്പോള്‍ മൃതദേഹം അടക്കം ചെയ്യാന്‍ ശ്രമിച്ചത് വലിയ തര്‍ക്കത്തിനിടയാക്കി. ശ്മശാനം പൊതുവല്ലെന്നായിരുന്നു മേല്‍ജാതിക്കാരുടെ വാദം. എങ്കിലും ഒടുവില്‍ അവിടെത്തന്നെ സംസ്‌കരിച്ചു.

കൊവിഡ് കാലത്ത് മരിച്ച കോളനി നിവാസിയായ ശകുന്തളയുടെ മൃതദേഹം അടക്കം ചെയ്യുന്നതും മേല്‍ജാതിക്കാര്‍ തടസ്സപ്പെടുത്തി. അവര്‍ ശ്മശാനം പൂട്ടിയിടുകയും മൃതദേഹം കൊണ്ടുപോകാതിരിക്കാന്‍ ഗെയ്റ്റിനു മുന്നില്‍ വാഹനങ്ങള്‍ നിരത്തിയിടുകയും ചെയ്തു. ഇതിനെ എതിര്‍ത്ത ചക്ലിയ വിഭാഗത്തില്‍ പെട്ടവരെ മേല്‍ജാതിക്കാര്‍ അസഭ്യം പറഞ്ഞു. ഒടുവില്‍ ശകുന്തളയുടെ മൃതദേഹം പഞ്ചായത്ത് നിര്‍ദേശിച്ചതനുസരിച്ച് ഉമ്മത്താംപടിയിലെ പുറമ്പോക്കിലാണ് അടക്കം ചെയ്തത്.

ശ്മശാനം പൊതുവല്ലെന്നും ശിവമുക്തി ശ്മശാനസംഘത്തിന്റെതുമാണെന്നുമാണ് മേല്‍ജാതിക്കാരുടെ വാദം. 2019 ജനുവരി 28ന് 1,60,000 രൂപ നല്‍കിയതിന്റെ രേഖകളും ഇവര്‍ ഹാജരാക്കി. എന്നാല്‍ ശ്മശാനം പൊതുവാണെന്നാണ് കോളനി നിവാസികളുടെ വാദം. 12 ലക്ഷം രൂപ ചെലവിട്ട് ചുറ്റുമതില്‍ പണിതതും ഷെഡ് പണിതതും പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി അവര്‍ പരാതി നല്‍കി. പരാതി ലഭിച്ച കമ്മീഷന്‍ നേരിട്ട് തെളിവെടുപ്പു നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് മാവോജി, അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ.സുനിത എന്നിവരാണ് പുതൂര്‍ പഞ്ചായത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. ആലമരം ശ്മശാനവും മൃതദേഹം സംസ്‌കരിക്കാന്‍ പഞ്ചായത്ത് പുതിയതായി നിര്‍ദേശിച്ച സ്ഥലവും കമ്മീഷന്‍ സന്ദര്‍ശിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഭരണ സമിതി ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും കമ്മിഷന്‍ തെളിവെടുപ്പ് നടത്തി.

തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ശ്മശാനം പൊതുവാണെന്നും പരാതി ന്യായമാണെന്നും കണ്ടെത്തി. പഞ്ചായത്ത് പ്രസിഡന്റ് ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി.

Next Story

RELATED STORIES

Share it