Latest News

സിബിഐ ഡയറക്ടറെ ഇന്ന് നിശ്ചയിക്കും; ബെഹ്‌റ അടക്കം നൂറോളം പേര്‍ പട്ടികയില്‍

സിബിഐ ഡയറക്ടറെ ഇന്ന് നിശ്ചയിക്കും; ബെഹ്‌റ അടക്കം നൂറോളം പേര്‍ പട്ടികയില്‍
X

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുളള കമ്മിറ്റി ഇന്ന് ചേരും. പ്രധാനമന്ത്രിക്കു പുറമെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ചീഫ് ജസ്റ്റിസ് എന്‍ വി രമണ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. 1984മുതല്‍ 1987 വരെയുള്ള നാല് ബാച്ചുകളിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് പട്ടികയിലുള്ളത്.

അസം കാഡറിലെ ഉദ്യോഗസ്ഥനും എന്‍ഐഎ ഡയറക്ടര്‍ ജനറലുമായ വൈസി മോദി, യുപി കേഡറിലെ ഉദ്യോഗസ്ഥനും യുപി ഡിജിപിയുമായ എച്ച് സി അവാസ്തി, ഗുജറാത്ത് കാഡറിലെ ഉദ്യോഗസ്ഥനും ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താന, കേരള കാഡറിലെ ഉദ്യോഗസ്ഥനും കേരള ഡിജിപിയുമായ ലോക്‌നാഥ് ബെഹ്‌റ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഡിജി അരുണ്‍ കുമാര്‍, സിഐഎസ്എഫ് ഡിജി എസ് കെ ജെയ്‌സ്വാള്‍, ഹരിയാന ഡിജിപി എസ് എസ് ദെശ്വാള്‍ തുടങ്ങിയവരാണ് പട്ടികയിലുള്ള ചിലര്‍. 1984-87 ബാച്ചിലെ നൂറോളം ഉദ്യോഗസ്ഥരെ കമ്മിറ്റി പരിഗണിക്കും.

അഴിമതിക്കേസ് അന്വേഷിച്ച് മുന്‍പരിചയം, സീനിയോരിറ്റി തുടങ്ങിയവ പരിഗണിച്ചായിരിക്കണം ഡയറക്ടരെ തിരഞ്ഞെടുക്കേണ്ടതെന്നാണ് നിയമം അനുശാസിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്കാണ് നിയമനം.

ഇപ്പോഴത്തെ ഡയറക്ടര്‍ ആര്‍ കെ ശുക്ല കഴിഞ്ഞ ഫെബ്രുവരിയില്‍ വിരമിച്ചു. അതിനുശേഷം അഡി. ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹക്ക് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it