Latest News

ചാവക്കാട് നഗരത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം

ചാവക്കാട് നഗരത്തില്‍ ജൂണ്‍ ഒന്ന് മുതല്‍  ഗതാഗത പരിഷ്‌ക്കരണം
X

തൃശൂര്‍: ചാവക്കാട് നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ജൂണ്‍ ഒന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കുന്നു. ചാവക്കാട് മെയിന്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങി ഏനാമാവ് റോഡിലൂടെ പൊന്നറ ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപ്പാസ് വഴി ചേറ്റുവ റോഡിലൂടെ ചാവക്കാട് മെയിന്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് വണ്‍വേ ആക്കുന്നതിനാണ് തീരുമാനിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്.

പൊന്നാനി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള എല്ലാ വാഹനങ്ങളും ചാവക്കാട് സെന്ററില്‍ നിന്നും ചാവക്കാട് ഏനാമാവ് റോഡിലൂടെ വന്ന് പൊന്നറ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തെക്കേ ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതും പൊന്നാനി ഭാഗത്തുനിന്നും കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നിലവിലെ സ്ഥിതി തുടരേണ്ടതുമാണ് (ഫ്രീ ലെഫ്റ്റ്).

എം.ആര്‍.രാമന്‍ സ്‌കൂള്‍ മുതല്‍ വഞ്ചിക്കടവ് റോഡ് വരെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഇരുവശത്തേയ്ക്കും യാത്ര അനുവദിക്കും. മറ്റു വാഹനങ്ങള്‍ക്ക് നിലവിലെ വണ്‍വേ സംവിധാനം തുടരും(ചാവക്കാട് സെന്റര്‍ മുതല്‍ എം.ആര്‍ രാമന്‍ സ്‌കൂള്‍ വരെ).

ഏനാമാവ് റോഡില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പൊന്നറ ജംഗ്ഷനില്‍ നിന്ന് ഇടത് തിരിഞ്ഞ് തെക്കേ ബൈപ്പാസ് വഴി പോകേണ്ടതും ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിച്ച് തെക്കേ ബൈപാസ് വഴി പോകേണ്ടതുമാണ്. എറണാകുളം ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ചാവക്കാട് സെന്ററില്‍ പ്രവേശിച്ച് യാത്ര തുടരേണ്ടതും ബസുകള്‍ ചാവക്കാട് സെന്ററില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഏനാമാവ് റോഡിലൂടെ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് തെക്കേ ബൈപാസ് വഴി മെയിന്‍ ജംഗ്ഷനില്‍ എത്തണം.

തെക്കേ ബൈപാസില്‍ ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതല്ല. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ തൃശൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന വിധേയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it