Latest News

ഗുരു ചേമഞ്ചേരി വിസ്മയം തീര്‍ത്ത കലാകാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഗുരു ചേമഞ്ചേരി വിസ്മയം തീര്‍ത്ത കലാകാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
X

തിരുവനന്തപുരം: കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഥകളിരംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

''കഥകളിയുടെ പ്രചാരത്തിനും ഇളംതലമുറയെ കഥകളി പരിശീലിപ്പിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു ഗുരു. 1945ല്‍ തലശ്ശേരിയില്‍ സ്ഥാപിച്ച നാട്യവിദ്യാലയം ഉത്തര കേരളത്തിലെ ആദ്യ നൃത്തവിദ്യാലയമായിരുന്നു. പിന്നീട് ഒരുപാട് കലാസ്ഥാപനങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി. അനേകം കഥകളിനൃത്തവിദ്യാലയങ്ങള്‍ക്ക് പിന്തുണ നല്‍കി. കഥകളിയെ ജനങ്ങളിലെത്തിക്കാന്‍ വിദ്യാലയങ്ങള്‍തോറും കഥകളി അവതരിപ്പിച്ചു. കുട്ടികളില്‍ കഥകളി ആസ്വാദനശേഷി ഉണ്ടാക്കാന്‍ ഇത്രയധികം പ്രയത്‌നിച്ച മറ്റൊരു കലാകാരനില്ല. ശിഷ്യസമ്പത്തിന്റെ കാര്യത്തിലും ഗുരു അദ്വിതീയന്‍ തന്നെ. അദ്ദേഹം പഠിപ്പിച്ച് അനുഗ്രഹിച്ച കലാകാരന്‍മാര്‍ ഇന്ന് കേരളത്തിലെമ്പാടും ഗുരുക്കന്മാരായി പുതുതലമുറയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളിലും തലയെടുപ്പുളള ഗുരുവാണ് ചേമഞ്ചേരി. നൂറു വയസ്സ് പിന്നിട്ടശേഷവും അരങ്ങില്‍ ഉറച്ച ചുവടുകള്‍ വെച്ച അദ്ദേഹത്തെ വിസ്മയത്തോടെയാണ് കേരളം കണ്ടത്. കഥകളി ആചാര്യന്‍ എന്ന നിലയില്‍ മാത്രമല്ല, മഹാനായ മനുഷ്യസ്‌നേഹി എന്ന നിലയിലും കേരളം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സംഭാവനകള്‍ എന്നും സ്മരിക്കും.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it