Latest News

ചിത്രലേഖയുടെ ഭര്‍ത്താവിന് മര്‍ദ്ദനം; കാല്‍ തല്ലിയൊടിച്ചു

ചിത്രലേഖയുടെ ഭര്‍ത്താവിന് മര്‍ദ്ദനം; കാല്‍ തല്ലിയൊടിച്ചു
X

കണ്ണൂര്‍: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഭര്‍ത്താവിന് ക്രൂര മര്‍ദ്ദനം. ഭര്‍ത്താവ് എം ശ്രീഷ്‌കാന്തിനാണ് ക്രുരമര്‍ദ്ദനമേറ്റത്. ഇടതു കാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്‌കാന്ത് ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകീട്ട് കാട്ടാമ്പള്ളി കുതിരത്തടം റോഡിലെ വീട്ടിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകനായ സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു.

വാതിലില്‍ മുട്ടിയ സംഘം വാതില്‍ തുറന്നയുടന്‍ കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവത്രെ. അടിയേറ്റ് ചോര വാര്‍ന്ന ശ്രീഷ്‌കാന്തിനെ നാട്ടുകാരാണ് ജില്ലാശുപത്രിയിലെത്തിച്ചത്. വീട്ടില്‍ മറ്റു മൂന്നു പേര്‍ കൂടിയുണ്ടായിരുന്നുവെങ്കിലും ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

ആറു മാസത്തെ പോരാട്ടത്തിനു ശേഷം ജനുവരി ഒന്നിനാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷക്കുണ്ടായിരുന്ന ടൗണ്‍ പെര്‍മിറ്റ് മകള്‍ മേഘയുടെ പേരിലുള്ള ഓട്ടോയ്ക്ക് മാറ്റിക്കിട്ടിയത്. അതിനു ശേഷം ചിത്രലേഖയുടെ ഫോട്ടോ ഓട്ടോയുടെ മുന്നിലും പിന്നിലും വീട്ടിനു മുന്നിലുമൊക്കെ പതിച്ചിരുന്നു. മാത്രമല്ല, ഇന്നലെ രാവിലെ ചിത്രലേഖ പോരാട്ടമാരംഭിച്ച പയ്യന്നൂരിലും എടാട്ടുമൊക്കെ ഈ ഓട്ടോയുമോടിച്ച് പോയിരുന്നു. ശ്രീഷ്‌കാന്താണ് ഓട്ടോറിക്ഷയോടിക്കുന്നത്. ചിത്രലേഖയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയുമായി ബന്ധപ്പെട്ട് എടാട്ടെ തറവാട് വീട്ടിന്റെയും അമ്മയുടെയുമൊക്കെ ഫോട്ടോകളെടുക്കാനും വിവര ശേഖരത്തിനുമൊക്കെയായിരുന്നു യാത്ര. ഇവിടെ നിന്ന് കാട്ടാമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.ചിത്രലേഖ അര്‍ബുദത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it