Latest News

'രാധാകൃഷ്ണന്റെ ആളുകള്‍ പല ഭീഷണികളും പണ്ടേ ഉയര്‍ത്തിയിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ കിടന്ന് ഉറങ്ങി'- ബിജെപി ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി

രാധാകൃഷ്ണന്റെ ആളുകള്‍ പല ഭീഷണികളും പണ്ടേ ഉയര്‍ത്തിയിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ കിടന്ന് ഉറങ്ങി- ബിജെപി ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുഖ്യമന്ത്രി അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് മുമ്പ് ഇതിനേക്കാള്‍ വലിയ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും അന്നും താന്‍ വീട്ടില്‍ സുഖമായി കിടന്നുറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

'അതിനൊക്കെ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. രാധാകൃഷ്ണനോട് പറയാനുള്ളത്, രാധാകൃഷ്ണന്റെ ആളുകള്‍ പല ഭീഷണികളും പണ്ടേ ഉയര്‍ത്തിയിട്ടുള്ളതാണ്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്ന് ഉറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല. അത് ഓര്‍ക്കുന്നത് നല്ലതാണ്. നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാണെന്ന് കരുതരുത്. അത് ശരിയായ നിലപാട് അല്ല. എന്തെല്ലാമായിരുന്നു മോഹങ്ങള്‍. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ. ആവര്‍ത്തിക്കുന്നില്ല. ആവര്‍ത്തിച്ചാല്‍ വെറുതെ, എന്റെ കാര്യം ഞാന്‍ തന്നെ പറയുന്ന ഒരുനില വരും'.

'പിന്നെ മക്കളെ ജയിലില്‍ പോയി കാണേണ്ടിവരുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശമെന്താണ്. എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദേശിക്കുന്നത്. ആ സന്ദേശമാണ് ഗൗരവമായി കാണേണ്ടത്. ഇവിടെയൊരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ എന്റെ ഭാഗത്ത് നിന്ന് തെറ്റായ കാര്യങ്ങള്‍ എന്തെങ്കിലും സംഭവിച്ചതായി ആക്ഷേപമുണ്ടായിട്ടില്ല. അപ്പോള്‍ എന്താണ് ഉദ്ദേശം. സംസ്ഥാനത്ത് ഭരണം നടത്തുന്നവരെ കുടുക്കുമെന്ന ഭീഷണിയാണ്. ഭീഷണി പരസ്യമായി ഉയര്‍ത്തുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരായ ഭീഷണിയായിട്ടാണ് അത് വരുന്നത്. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല. കുട്ടികളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്ന് പറയുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. തെറ്റായ രീതിയില്‍ ഞാന്‍ ഇടപ്പെട്ട് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ആ പറഞ്ഞതിന്റെ ഉദ്ദേശം. സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന്. അല്ലെങ്കില്‍ തനിക്ക് വരാന്‍ പോകുന്നത് ഇതാണ്. ഇതാണ് ഭീഷണി. ഇത് നാം ഗൗരവമായി കാണണം'.

'പിന്നെ എന്റെ കാര്യം, ഞാന്‍ ഇമ്മാതിരിയുള്ള ഭീഷണികള്‍ എങ്ങനെയെടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പലവിധ സംരക്ഷണത്തിലും ഇരിക്കുന്ന ആളാണല്ലോ ഞാന്‍. സംരക്ഷണം ഇല്ലാത്ത കാലവും കടന്ന് വന്നതാണ്. ആ അനുഭവങ്ങള്‍ ഓര്‍ത്താല്‍ മതി'.

Next Story

RELATED STORIES

Share it