Latest News

മുഖ്യമന്ത്രി നാടിനെ കോളനിവാഴ്ചയിലേക്ക് നയിക്കുന്നു: മുല്ലപ്പള്ളി

മുഖ്യമന്ത്രിയും മന്ത്രിമാരും തറക്കല്ലിടല്‍ ചടങ്ങുകളുടെ തിരക്കിലാണെന്നും അതുകാരണം കേരളത്തില്‍ ഇപ്പോള്‍ കല്ല് കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

മുഖ്യമന്ത്രി നാടിനെ കോളനിവാഴ്ചയിലേക്ക് നയിക്കുന്നു: മുല്ലപ്പള്ളി
X

തിരുവനന്തപുരം: കോളനിവാഴ്ച കാലത്തേക്ക് മുഖ്യമന്ത്രി നാടിനെ കൊണ്ടുപോകുന്നതിന്റെ ഭാഗമാണ് റൂള്‍സ് ഓഫ് ബിസിനസ് ചട്ടഭേദഗതിക്കുള്ള നീക്കമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ പതിപ്പാണ് മുഖ്യമന്ത്രിയും. മോദിയെപ്പോലെ അധികാരം തന്നിലേക്ക് മാത്രം കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ജനാധിപത്യത്തെ അംഗീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. മന്ത്രിമാരെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കാനുള്ള നീക്കം അപടകരമാണ്. ഏകാധിപതിയുടെ മനസ്സാണ് മുഖ്യമന്ത്രിക്ക്. ഭരണകൂടഭീകരതയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാര്‍ക്സിസ്റ്റാണെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദമെങ്കിലും അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത് ഗീബല്‍സിയന്‍ സിദ്ധാന്തങ്ങളെയാണ്. മുഖ്യമന്ത്രി നുണകള്‍ തുടര്‍ച്ചായി ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു .സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴിയില്‍ ഇവര്‍ തമ്മിലുള്ള അടുപ്പം കൂടുതല്‍ വ്യക്തമാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി 14 തവണ അനൗദ്യോഗിക വിദേശസന്ദര്‍ശനങ്ങള്‍ നടത്തിയത് ദുരൂഹമാണ്. അതില്‍ ആറുതവണ സ്വപ്നയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ യാത്രകള്‍ ശിവശങ്കര്‍ നടത്തിയത്. സ്പ്രിങ്കളര്‍,ഇ മൊബിലിറ്റി,ലൈഫ് മിഷന്‍ തുടങ്ങിയ വിവാദ ഇടപടുകള്‍ നടന്നത് ഇവരുടെ വിദേശസന്ദര്‍ശനത്തിന് ശേഷമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കൊവിഡ് രോഗവ്യാപനത്തില്‍ കേരളം രാജ്യത്ത് റെക്കാര്‍ഡ് സൃഷ്ടിക്കുകയാണ്. ഇതിന് ഉത്തരവാദി കേരള സര്‍ക്കാരാണ്. കൊവിഡ് പ്രതിരോധം പാളിയെന്ന് താന്‍ ആദ്യം പറഞ്ഞപ്പോള്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ ക്രൂശിക്കാനും സ്വഭാവഹത്യ നടത്താനും സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുമാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും തറക്കല്ലിടല്‍ ചടങ്ങുകളുടെ തിരക്കിലാണെന്നും അതുകാരണം കേരളത്തില്‍ ഇപ്പോള്‍ കല്ല് കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

സ്ത്രീപീഡന കാര്യത്തില്‍ കേരളം രാജ്യത്തിന് അപമാനമാണ്.ഹാഥ്‌റസിന്റെ ആവര്‍ത്തനമാണ് വാളയാറിലെ രണ്ടു ബാലികമാരുടെ ദാരുണമായ മരണം. അതിന് കാരണക്കാരായ സിപിഎമ്മുകാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. എണ്ണിയാല്‍ ഒടുങ്ങാത്ത ദളിത് -സ്ത്രീപീഡനങ്ങളാണ് ഓരോദിവസവും സംസ്ഥാനത്ത് നടക്കുന്നത്.

കേരളത്തിന്റെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി.തൃശ്ശൂരില്‍ മാത്രം കഴിഞ്ഞ മൂന്നാഴ്ചക്കിടെ 9 കൊലപാതകങ്ങളാണ് നടന്നത്. ഡിജിപി നാടുകണ്ട ഏറ്റവും വലിയ കോമാളിയാണ്. സര്‍ക്കാര്‍ ജോലിക്കായി പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികളെ ക്രൂരമായി പീഡിപ്പിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്. ഹൃദയമില്ലാത്ത വ്യക്തികളാണ് മുഖ്യമന്ത്രിയും ഡിജിപിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും എതിരായ അഴിമതി ആരോപണങ്ങളില്‍ ഉത്തരം പറയാന്‍ സാധിക്കാത്തത് കൊണ്ടാണ് സിപിഎം ചാനല്‍ ചര്‍ച്ചാ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.കള്ളം പറഞ്ഞു മടുത്തെന്നും പാര്‍ട്ടിക്കും വ്യക്തിത്വത്തിനും കോട്ടം തട്ടുന്നുവെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിപിഎം നേതാക്കള്‍ ഒളിച്ചോടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.




Next Story

RELATED STORIES

Share it