Latest News

ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ച സംഭവം; പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശാസ്ത്രജ്ഞനെ തിരിച്ചയച്ചത് ദുഃഖകരം

ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ച സംഭവം; പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി
X

തിരുവനന്തപുരം: പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ കേരളത്തില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ച സംഭവം ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശാസ്ത്രജ്ഞനെ തിരിചയച്ചത് ദുഃഖകരമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 24ാം തിയതി പുലര്‍ച്ചെയാണ് ഫിലിപ്പോ ഒസല്ലേയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡിപ്പോര്‍ട്ട് ചെയ്തത്.

റിസര്‍ച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം വന്നത്. എന്നാല്‍ യാതൊരു കാരണവും വിശദീകരിക്കാതെയാണ് ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതെന്ന് സംഘാടകരില്‍ ഒരാളായ ജെ ദേവിക വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാന്‍ കഴിയില്ലെന്നും എഫ് ആര്‍ ആര്‍ ഒ അധികൃതര്‍ നിലപാടെടുത്തു.

എമിറേറ്റ്‌സ് വിമാനത്തില്‍ 24ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. 65 വയസുകാരനാണ് ഫിലിപ്പോ. പുറത്ത് കാത്ത് നിന്ന സംഘാടകരെ കാണും മുന്‍പ് തന്നെ ഇദ്ദേഹത്തെ ഫ്‌ലൈറ്റ് അറ്റന്റര്‍മാര്‍ തിരിച്ചുവിളിച്ചു. പിന്നീട് പാസ്‌പോര്‍ട്ടും കൈ രേഖകളും പരിശോധിച്ചു. ഇതിന് ശേഷം ഇന്ത്യയിലേക്ക് കടക്കാനാവില്ലെന്നും തിരികെ പോകണമെന്നും ഇദ്ദേഹത്തോട് വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഗോവ വഴി ദുബൈയിലേക്കുള്ള വിമാനത്തില്‍ അപ്പോഴേക്കും ടിക്കറ്റും ശരിയാക്കിയിരുന്നുവെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനമാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ അറിയിച്ചത്. തിരുവനന്തപുരത്തെ പരിപാടിയുടെ മുഖം തന്നെയായിരുന്നു ഒസെല്ല. പരിപാടിക്കോ സംഘാടകര്‍ക്കോ പ്രത്യക്ഷ രാഷ്ട്രീയ താത്പര്യങ്ങളുണ്ടായിരുന്നില്ല. കുസാറ്റ്, സിഡിഎസ് തിരുവനന്തപുരം, കേരള സര്‍വകലാശാല, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സംഘാടകര്‍.

Next Story

RELATED STORIES

Share it