Latest News

മാസങ്ങളുടെ ഇടവേളയ്ക്കുശേഷം കോളജുകള്‍ ഇന്ന് തുറക്കും; കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

മാസങ്ങളുടെ ഇടവേളയ്ക്കുശേഷം കോളജുകള്‍ ഇന്ന് തുറക്കും; കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനുശേഷം അടച്ചിട്ട ഉന്നത വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ ഇന്ന് തുറക്കും. ഇന്ന് ഭാഗികമായാണ് തുറക്കുന്നതെങ്കിലും 18ാം തിയ്യതിയോടെ പൂര്‍ണമായും തുറക്കും.

കൊവിഡ് വ്യാപനത്തിനുശേഷം തുറക്കുന്ന കോളജുകളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും പൂര്‍ണമായി കൊവിഡില്‍ നിന്നും മുക്തരല്ല. അതിനാല്‍ എല്ലാവരും കലാലയങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ കൊവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ മറക്കരുതെന്നും കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ താഴെ പറയുന്നു: എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. കൊവിഡ് ഡെല്‍റ്റ വകഭേദം നിലനില്‍ക്കുന്നതിനാല്‍ ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

യാത്രകളിലും കാമ്പസുകളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടംകൂടി നില്‍ക്കുകയോ കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയോ അരുത്. അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടുള്ളതല്ല. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ കോളേജില്‍ പോകാന്‍ പാടുളളതല്ല. കൊവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം രണ്ട് മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല. കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല.

ഉപയോഗശേഷം മാസ്‌കുകള്‍, കൈയുറകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.

ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് അഭികാമ്യം. വീട്ടിലെത്തിയ ഉടന്‍ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

അധ്യാപകര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ സംശയനിവാരണത്തിന് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it