Latest News

നേമത്തേത് മതന്യൂനപക്ഷങ്ങളുടെ വോട്ട് സ്വാധീനിക്കാനുള്ള കോണ്‍ഗ്രസ് നാടകമെന്ന് സിപിഎം

നേമത്തേത് മതന്യൂനപക്ഷങ്ങളുടെ വോട്ട് സ്വാധീനിക്കാനുള്ള കോണ്‍ഗ്രസ് നാടകമെന്ന് സിപിഎം
X
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത് നാടകമാണെന്നു സിപിഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിയോട് കോണ്‍ഗ്രസ് ഒത്തുപോവുകയല്ല, പോരാടുകയാണെന്ന് വരുത്താനുള്ള നാടകമാണിത്. ഇതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. മൃദുഹിന്ദുത്വ നിലപാടും ബിജെപിയുമായുള്ള രഹസ്യബാന്ധവവും മറച്ചുവച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ട് സ്വാധീനിക്കാനുള്ള പരിശ്രമമാണ്. എന്താണ് നേമത്തെ മറ്റു മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്? നേമം പിടിച്ചാണ് 2016ല്‍ ബിജെപി അക്കൗണ്ട് തുറന്നത്. തലകുത്തി മറിഞ്ഞിട്ടും അതുവരെ നിയമസഭയില്‍ കയറാന്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഈ തീവ്ര വര്‍ഗീയകക്ഷിക്ക് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയില്‍ സാധിച്ചെടുത്തു. 2011ലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടായിരുന്നു. എന്നാല്‍, വോട്ട് മൊത്തമായി മറിക്കാന്‍ കഴിഞ്ഞില്ല. 2006ല്‍ 60000ത്തിലേറെ വോട്ടുനേടി വിജയിച്ച യുഡിഎഫിന് 2011ല്‍ 20,248 വോട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ബിജെപിയെ ജയിപ്പിക്കാന്‍ അത്തവണ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. എന്നാല്‍, 2016ല്‍ ബിജെപി കോണ്‍ഗ്രസ് സഹായത്തോടെ വിജയിച്ചു. യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്കു കിട്ടിയത് കേവലം 13,860 വോട്ട് മാത്രം. ജാമ്യസംഖ്യ നഷ്ടമായി. ബിജെപി ജയിച്ചു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് വലിയ കളങ്കമുണ്ടാക്കുന്ന നടപടിയാണ് നേമം മണ്ഡലത്തില്‍ 2011ലും 2016ലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. രഹസ്യധാരണ സുഗമമായി പ്രാവര്‍ത്തികമാക്കുന്നതിന് സിറ്റിങ് സീറ്റ് യുഡിഎഫിലെ തീരെ ദുര്‍ബലമായ കക്ഷിക്ക് കോണ്‍ഗ്രസ് വിട്ടുകൊടുത്തു. നേമത്ത് കിട്ടിയ സഹായത്തിന് ബിജെപി മറ്റു മണ്ഡലങ്ങളില്‍ പ്രത്യുപകാരം ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ അതിന്റെ ഗുണം കോണ്‍ഗ്രസിന് കിട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖ യുഡിഎഫ് നേതാക്കള്‍ ഇതിന്റെ ഗുണഭോക്താക്കളാണെന്ന് വോട്ടിങ് കണക്കുകള്‍ നോക്കിയാല്‍ ബോധ്യപ്പെടും. ഇതെല്ലാം നിഷേധിക്കാനാകാത്ത വസ്തുതകളാണ്.

ഇത്തവണ നേമത്ത് എന്താണ് സംഭവിക്കുന്നത്? ഘടകകക്ഷിക്ക് സീറ്റ് കൊടുക്കാതെ കോണ്‍ഗ്രസ് മല്‍സരിക്കുന്നു. 'ഇതാ ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് വരുന്നു' എന്ന മാധ്യമപ്രചാരണം ഇതിന്റെ പേരിലാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്ന് ഇനിയാരും പറയില്ലല്ലോ എന്ന് ഉമ്മന്‍ചാണ്ടിയെ പോലുള്ള നേതാക്കള്‍ ചോദിക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ചോദ്യത്തിലും ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങളുടെ പ്രചാരണത്തിലും ഒരു കുറ്റസമ്മതം നിഴലിക്കുന്നുണ്ട്. ബിജെപിക്ക് വോട്ട് മറിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന കുറ്റസമ്മതം. എന്തുകൊണ്ടാണ് നേമത്തേത് കോണ്‍ഗ്രസ് നാടകമാണെന്ന് എല്‍ഡിഎഫ് പറയുന്നത്? ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ള മൃദുഹിന്ദുത്വ നയം ഉപേക്ഷിച്ച് ആര്‍എസ്എസിന്റെ ഹിന്ദുവര്‍ഗീയ പദ്ധതിയെ തുറന്നെതിര്‍ക്കാന്‍ അവര്‍ ഒരുകാലത്തും തയ്യാറായിട്ടില്ല. അത്തരമൊരു പാര്‍ട്ടി ബിജെപിയെ നേരിടാന്‍ പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നത് നാടകമല്ലാതെ മറ്റെന്താണ്? കേരളത്തിലെ സ്ഥിതി നോക്കാം. അഞ്ചുവര്‍ഷത്തിനിടയില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വാചകംപോലും പറഞ്ഞിട്ടില്ല. ഒടുവില്‍ രമേശ് ചെന്നിത്തല നടത്തിയ പ്രചാരണയാത്രയിലും ബിജെപിയെ വെറുതെ വിടുകയാണുണ്ടായതെന്നും സിപിഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രസ്താവിച്ചു.

Congress drama to influence the votes of religious minorities in Nemam: CPM


Next Story

RELATED STORIES

Share it