Latest News

നിലമ്പൂരില്‍ യുഡിഎഫ് ആടിയുലയുന്നു; യുഡിഎഫ് അധ്യക്ഷ സ്ഥാനംമുസ്‌ലിം ലീഗ് രാജിവെച്ചു

നിലമ്പൂരില്‍ യുഡിഎഫ് ആടിയുലയുന്നു; യുഡിഎഫ് അധ്യക്ഷ സ്ഥാനംമുസ്‌ലിം ലീഗ് രാജിവെച്ചു
X

നിലമ്പൂര്‍: വയനാടിനു പുറമെ, നിലമ്പൂരിലും യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാവുന്നു. കോണ്‍ഗ്രസ് ബന്ധം വിട്ട് മുസ്‌ലിം ലീഗ് രംഗത്ത്. നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ മസ്‌ലിം ലീഗ് തയാറെടുക്കുന്നത്. ഇതിന്റെ മുന്നോടിയായി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ലീഗ് രാജിവെച്ചു.

വികസന കാര്യങ്ങളില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കാനും ധാരണയായതായാണ് വിവരം. വ്യാഴാഴ്ച രാത്രി അകമ്പാടം ലീഗ് ഓഫീസില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കല്ലട കുഞ്ഞുമുഹമ്മദ് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 14ല്‍ എട്ടു വാര്‍ഡുകളില്‍ വിജയിച്ചിട്ടും യുഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നില്ല. പട്ടികവര്‍ഗ വിഭാഗത്തിനു പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്ത പഞ്ചായത്താണ് ചാലിയാര്‍. കോണ്‍ഗ്രസ് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നു ഒരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ആറ് അംഗങ്ങള്‍ മാത്രമുള്ള സിപിഎം പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കി. മുന്നണി ജയിച്ചിട്ടും കോണ്‍ഗ്രസിന്റ വീഴ്ച മൂലം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പത്തു മാസം കഴിഞ്ഞിട്ടും കോണ്‍ഗ്രസില്‍ നിന്നു ജയിച്ച ഏഴു അംഗങ്ങളില്‍ ഒരാളെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ പട്ടികവര്‍ഗ വിഭാഗത്തിലുള്ള ഒരാളെ വിജയിപ്പിച്ച് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനു തിരിച്ചു പിടിക്കാമെന്നും മുന്നണി ധാരണ പ്രകാരം മുസ്‌ലിം ലീഗിന് അവകാശപ്പെട്ട വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നുമായിരുന്നു ധാരണ.

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഏറനാട് എംഎല്‍എ പി കെ ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പഞ്ചായത്തിലെ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിലെ സുമയ്യ പൊന്നാങ്കടവന് ലഭിക്കാത്ത സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ കടുത്ത നിലപാട്. ഫെബ്രുവരി 28 വരെ കാത്തിരിക്കാന്‍ പി കെ ബഷീര്‍ എംഎല്‍എ ലീഗ് പഞ്ചായത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ സമയപരിധി കഴിഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം നിലപാട് അറിയിക്കാത്തതും ലീഗിനെ ചൊടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ തോണിയില്‍ സുരേഷിനെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാക്കിയെങ്കിലും സുരേഷ് രാജിവയ്ക്കാന്‍ തയാറാകാത്തതു കോണ്‍ഗ്രസിനെയും വെട്ടിലാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it