Latest News

സഞ്ചരിക്കുന്ന റേഷന്‍ കടകളെ സ്ഥിരം സംവിധാനമായി മാറ്റുന്നു

സഞ്ചരിക്കുന്ന റേഷന്‍ കടകളെ സ്ഥിരം സംവിധാനമായി മാറ്റുന്നു
X

കൊച്ചി: സഞ്ചരിക്കുന്ന റേഷന്‍ കടകളെ സ്ഥിരം സംവിധാനമാക്കി മാറ്റുന്നു. മാമലക്കണ്ടം എളംബ്ലാശേരിയില്‍ 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. ആദിവാസി സമൂഹം ഉള്‍പ്പെടെ കേരളത്തില്‍ ആരും പട്ടിണി കിടക്കരുതെന്നാണ് സര്‍ക്കാര്‍ നയം. ആ നയത്തില്‍ ഊന്നിയാണ് സഞ്ചരിക്കുന്ന റേഷന്‍ കട പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്.

നിലവില്‍ വിദൂര സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കിയാണ് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്. ആ സാഹചര്യം മാറി സ്വന്തം വാഹനങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സുതാര്യമായ പൊതുവിതരണ സംവിധാനമെന്ന നയമാണ് സര്‍ക്കാരിനുള്ളത്. സുതാര്യതയിലൂടെയെ വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിയൂ. സമൂഹത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉള്‍വനത്തിലും, വിദൂരപ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് 'സഞ്ചരിക്കുന്ന റേഷന്‍കട'. എളംബ്ലാശേരി ആദിവാസി ഊരിലെ കുടുംബങ്ങളെ സംബന്ധിച്ചടുത്തോളം ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണിത്. 216 ആദിവാസി കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക.

എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കെ ഗോപി, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ബിജു, സല്‍മ പരീത്, മാമലക്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി ഗോപിനാഥന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ ബി ജയശ്രീ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി എന്‍ കുഞ്ഞുമോന്‍, ഊര് മൂപ്പന്‍ മൈക്കിള്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ ടി കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it