Latest News

കൊവിഡ് -19: മെയ് 30 മുതല്‍ ജൂണ്‍ 12 വരെ മോര്‍ച്ചറികളില്‍ ലഭിച്ചത് 328 മൃതദേഹങ്ങളെന്ന് ഡല്‍ഹി സര്‍ക്കാര്‍, ഹൈക്കോടതിയില്‍

കൊവിഡ് -19: മെയ് 30 മുതല്‍ ജൂണ്‍ 12 വരെ മോര്‍ച്ചറികളില്‍ ലഭിച്ചത് 328 മൃതദേഹങ്ങളെന്ന് ഡല്‍ഹി സര്‍ക്കാര്‍, ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മോര്‍ച്ചറികളില്‍ മെയ് 30 ജൂണ്‍ 12 കാലയളവില്‍ ലഭിച്ചത് 328 മൃതദേഹങ്ങളാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 338 മൃതദേഹങ്ങള്‍ അന്ത്യശുശ്രൂഷയ്ക്കായി അയച്ചു. അതില്‍ 333 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. എല്ലാവരും മരിച്ചത് കൊവിഡ് ബാധിച്ചാണ്.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പരീക് ജലാന്‍ തുടങ്ങിയവരുടെ ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിപോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. ചില മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. അത്തരം കേസില്‍ ബന്ധുക്കള്‍ക്കുവേണ്ടി 72 മണിക്കൂര്‍ കാത്തിരുന്നു. പിന്നീട് സംസ്‌കരിക്കുകയായിരുന്നു. ഈ കാലയളവില്‍ ബന്ധുക്കള്‍ ഹാജരാവാതെ അടക്കേണ്ടിവന്നത് 7 മൃതദേഹങ്ങളാണ്. ഇതില്‍ നാല് എണ്ണം പോലിസ് ഏറ്റുവാങ്ങി, ബാക്കി രണ്ടു പേരുടെ ബന്ധുക്കളെ പോലിസ് അന്വേഷിച്ച് കണ്ടെത്തി. ഒരെണ്ണം മരിച്ചയാളുടെ പ്രദേശത്തെ എംഎല്‍എ ഏറ്റുവാങ്ങി. മാളവ്യ നഗര്‍ എംഎല്‍എ സോമ്‌നാഥ് ഭാരതിയാണ് ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങിയത്.

സംസ്‌കാരച്ചടങ്ങിന് മറ്റ് സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാരുടെ അനുമതി ആവശ്യമായ ഒരു കേസുപോലും ഉണ്ടായിരുന്നില്ല.

മൃതദേഹം കൈകാര്യം ചെയ്യുന്ന രീതിയും ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൃതദേഹം അണുവിമുക്തിമാക്കി കെട്ടിപ്പൊതിഞ്ഞ് മോര്‍ച്ചറിയില്‍ ഫ്രീസറില്‍ സൂക്ഷിക്കും. ബന്ധുക്കള്‍ കണ്ട് തിരിച്ചറിഞ്ഞ ശേഷം ആശുപത്രി ജീവനക്കാര്‍ ആംബുലന്‍സില്‍ കയറ്റും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിക്കും. പിന്നീട് ക്രിമറ്റോറിയത്തിലോ സെമിത്തേരിയിലോ അടക്കും.

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നേരിട്ട് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അതുവഴി രോഗപ്രസരണം ഉണ്ടാവുന്നത് ഒഴിവാക്കാനാവും.

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസവും അനാസ്ഥയും സംബന്ധിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it