Latest News

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്കു വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്കു വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
X

റിയാദ്: സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്കു വരേണ്ട പ്രവാസികള്‍ കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി ഉത്തരവിറക്കി. സൗദിയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. അതേസമയം വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഉത്തരവ് ബാധകമല്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത്തരമൊരു ഉത്തരവ് നടപ്പാക്കുന്നത്. ജൂണ്‍ 20 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.

48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യമെങ്കിലും അത്തരമൊരു നിബന്ധന എംബസി ഇറക്കിയ ഉത്തരവിലില്ല. സൗദിയില്‍ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തുക പ്രായോഗികമല്ല. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ 30,000 രൂപയോളം ചെലവുവരും. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്താന്‍ മറ്റുള്ളവരുടെ സഹായം തേടി വരുന്നവര്‍ക്ക് ഈ ചെലവ് താങ്ങാന്‍ കഴിയില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ ടെസ്റ്റ് നടത്തുകയാണ് മറ്റൊരു സാധ്യത. അതിന് 3 മുതല്‍ 8 ദിവസം വരെ കാത്തിരിക്കേണ്ടിവരും. വിമാനം പുറപ്പെടുന്നതിനനുസരിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക അസാധ്യമാകും.

ഇന്ത്യന്‍ എംബസി തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇത്തരമൊരു സാധ്യത നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. സൗദി സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമായ കേരളത്തിനു വേണ്ടി ഇനിയും അത്തരമൊരു തീരുമാനം സൗദി ഭരണകൂടം എടുക്കുകയുമില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നെങ്കിലും കേരളം നിലപാടില്‍ ഉറച്ചുനിന്നു. അതിനെ തുടര്‍ന്നാണ് സൗദിയിലെ ഇന്ത്യന്‍ എംബസി ഉത്തരവ് ഇറക്കിയത്.

അതേസമയം ഡല്‍ഹിയും തമിഴ്‌നാടും മറ്റു ചില നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. ക്വാറന്റീന്‍-കൊവിഡ് ചികില്‍സാ ചെലവുകള്‍ വഹിക്കാമെന്ന ബോണ്ടുകള്‍ എഴുതിവാങ്ങാനാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ഡല്‍ഹി 14 ദിവസത്തെ ക്വാറന്റീന്‍ ചെലവും തമിഴ്‌നാട് ക്വാറന്റീന്‍ ചികില്‍സാ ചെലവുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സ്വകാര്യസ്ഥാപനങ്ങളും സംഘടനകളും ഏര്‍പ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇനി കേരളത്തിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it