Latest News

തിരുപ്പതിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയിലേക്ക് തട്ടിയത് മണ്ണുമാന്തി ഉപയോഗിച്ച്; സംഭവം ന്യായീകരിച്ച് മുനിസിപ്പല്‍ കമ്മീഷണര്‍

തിരുപ്പതിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയിലേക്ക് തട്ടിയത് മണ്ണുമാന്തി ഉപയോഗിച്ച്; സംഭവം ന്യായീകരിച്ച് മുനിസിപ്പല്‍ കമ്മീഷണര്‍
X

തിരുപ്പതി: കൊവിഡ് വ്യാപനം വര്‍ധിച്ചതു മുതല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹത്തെ അപമാനിക്കുന്ന വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അത്തരമൊരു വാര്‍ത്തയാണ് ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മണ്ണുമാന്തി ഉപയോഗിച്ചാണ് ക്ഷേത്രനഗരമായ തിരുപ്പതിയില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ മൃതദേഹം കുഴിയിലേക്കിട്ടത്. മൃതദേഹം പൊക്കിയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു പ്രാദേശിക ചാനലാണ് വിവരം പുറത്തുകൊണ്ടുവന്നത്.

തിരുപ്പതിയ്ക്കടുത്തുള്ള ഗ്രാമത്തിലെ 50 വയസ്സുകാരനായ ഒരാളാണ് കൊവിഡ് വന്ന് മരിച്ചത്. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ശ്രീ വെങ്കിടേശ്വര രാം നാരായണ റൂയി ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രോഗം മൂര്‍ച്ഛിച്ച് മരിച്ചു.

പിപിഇ കിറ്റും മാസ്‌കും ധരിച്ച മുനിസിപ്പല്‍ ജീവനക്കാരാണ് മൃതദേഹം തിരുമല തിരുപ്പതി ദേവസ്വം ആംബുലന്‍സില്‍ ഹരിച്ചന്ദ്ര ശ്മശാനത്തിലെത്തിച്ചത്. മൃതദേഹം അവര്‍ ആംബുലന്‍സില്‍ നിന്ന് നിലത്തേക്ക് വലിച്ചെറിഞ്ഞു. അത് എടുത്തുപൊക്കുന്നതിനു പകരം ഒരു മണ്ണുമാന്തി ഉപയോഗിച്ച് അവിടെയുണ്ടായിരുന്ന കുഴിയിലേക്ക് മറിച്ചിടുകയായിരുന്നു. ഒരു പ്രാദേശിക ചാനല്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ട ശേഷമാണ് വിഷയം പുറംലോകത്തെത്തുന്നത്.

വാര്‍ത്ത പുറത്തുവന്നതോടെ മുനിസിപ്പല്‍ കമ്മീഷണര്‍ പി എസ് ഗിരീഷ വിശദീകരണവുമായി രംഗത്തുവന്നു. അദ്ദേഹം പറയുന്നതനുസരിച്ച് മരിച്ചയാള്‍ വലിയ നീളവും വണ്ണവും ഭാരവുമുള്ളയാളാണ്, ഏകദേശം 180 കിലോ വരുമത്രെ. ആദ്യം മൃതദേഹവുമായി ഇലക്ട്രിക് ശ്മശാനത്തിലേക്ക് പോയെങ്കിലും അവിടത്തെ സംവിധാനത്തില്‍ ഇത്ര വലിയ മൃതദേഹം സംസ്‌കരിക്കാനാവില്ല. ഇതിനിടയില്‍ മൃതദേഹം പൊതിഞ്ഞിരുന്ന കവര്‍ അഴിഞ്ഞു. ജീവനക്കാര്‍ മൃതദേഹം വീണ്ടും ആശുപത്രിയിലെത്തിച്ച് കവറിങ് ശരിയാക്കിയെടുക്കാന്‍ ആവശ്യപ്പെട്ടു.

പിന്നീടാണ് മൃതദേഹം ശ്മശാനത്തില്‍ കുഴിച്ചുമൂടാന്‍ തീരുമാനിച്ചത്. മണ്ണുമാന്തിയുടെ സഹായത്താല്‍ 14 അടി താഴ്ചയില്‍ അടുത്തുള്ള ശ്മശാനത്തില്‍ കുഴിയെടുത്തു. മൃതദേഹം വലിപ്പമേറിയതായതിനാലും ജീവനക്കാര്‍ ക്ഷീണിതരായതിനാലും അവര്‍ക്ക് അത് കൈകൊണ്ട് കുഴിയിലേക്ക് വയ്ക്കാന്‍ സാധിച്ചില്ല. മരിച്ചയാളുടെ ബന്ധുക്കളുടെ സമ്മതത്തോടെ മൃതദേഹം കുഴിയിലേക്ക് മണ്ണുമാന്തി ഉപയോഗിച്ച് തട്ടിയിട്ടത് ഈ സാഹചര്യത്തിലാണെന്നാണ് കമ്മീഷണറുടെ വാദം.

Next Story

RELATED STORIES

Share it