Latest News

കൊവിഡ് അമിതഫീസ്: സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പിഡിപി

കൊവിഡ് അമിതഫീസ്: സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പിഡിപി
X

കോഴിക്കോട്: കൊവിഡ് പ്രതിസന്ധികാലത്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പി പി ഇ കിറ്റ്, രോഗികള്‍ക്ക് ആവിശ്യമായ മറ്റ് ചികിത്സകള്‍ എന്നിവക്ക് അമിത ഫീസാണ് പല സ്വകാര്യആശുപത്രികളും ഈടാക്കുന്നത്. രാജ്യം നേരിടുന്ന കടുത്ത ദുരന്തസഹചര്യത്തില്‍ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടികള്‍ സ്വീകരിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രോഗിയില്‍ നിന്ന് ഒരു ദിവസത്തെ കഞ്ഞിക്ക് 1,350 രൂപ ഈടാക്കിയെന്ന സമീപകാലത്ത് കേരളം കേട്ടിട്ടില്ലാത്ത ആക്ഷേപങ്ങളാണ് ചില ആശുപത്രികള്‍ക്കെതിരെ ഉയരുന്നത്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സാനിരക്കുകള്‍ ഏകീകരിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സന്നദ്ധത ധീരവും പ്രശംസാര്‍ഹവുമാണ്. തുടര്‍ന്നും ഇക്കാര്യം നിരീക്ഷിക്കുവാന്‍ കുറ്റമറ്റ രീതിയിലുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇത് സംബന്ധിച്ച് ഹൈക്കോടതി എടുത്ത കേസില്‍ കക്ഷി ചേര്‍ന്ന് മിതമായ നിരക്ക് സ്വീകരിക്കാന്‍ സ്വയംസന്നദ്ധമാണെന്ന് അറിയിച്ച എം ഇ എസ് നിലപാട് ധീരവും മാതൃകപരവുമാണ്. ലാബ്, ഐ സി യു, ഒപ്പറേഷന്‍ നിരക്കുകള്‍ എന്നിവയില്‍ നിര്‍ദ്ധനരായ രോഗികളോട് ചില ആശുപത്രി മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നത് അത്യന്തം ഹീനവും നീതികരിക്കാന്‍ കഴിയാത്താത്തതുമായ പ്രവര്‍ത്തികളാണ്. ദുര്‍ബല സാഹചര്യത്തെ മുതലെടുത്ത് ആശുപത്രികള്‍ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ നിരന്തരം പരാതി ഉയരുന്നുണ്ട്. ചോദ്യവും നീരീക്ഷണവും ആവശ്യമില്ലാത്ത സംവിധാനങ്ങളാണ് തങ്ങളെന്ന ധിക്കാരം അവസാനിപ്പിക്കുവാന്‍ ഫലപ്രദമായ നിയമനിര്‍മാണവും സ്ഥിരനടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്ന് തുടര്‍ന്നും ഉണ്ടാവണമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it