Latest News

കൊവിഡ് തന്ത്രങ്ങള്‍ മാറിയേക്കും; രോഗമുക്തി നിരക്ക് 52.47 ശതമാനമായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് തന്ത്രങ്ങള്‍ മാറിയേക്കും; രോഗമുക്തി നിരക്ക് 52.47 ശതമാനമായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 52.47 ശതമാനമായി വര്‍ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗാബാധിതരില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ രോഗമുക്തരായെന്നാണ് ഇതര്‍ത്ഥമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കാനും മരണം കുറയ്ക്കാനുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. ഇത്തരം കാര്യങ്ങള്‍ നാളെയും അതിനടുത്ത ദിവസവും നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്കെടുക്കാനും സാധ്യതയുണ്ട്.

തിങ്കളാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്ന കണക്ക് പ്രകാരം ഇന്ത്യയുടെ രോഗമുക്തി നിരക്ക് 51.08 ശതമാനമായിരുന്നു.

''ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 10,205 പേരുടെ രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ 1,80,012 പേരാണ് രോഗബാധിതരായത്. രോഗവിമുക്തി നിരക്ക് 52.47 ആയി വര്‍ധിച്ചു. അതിനര്‍ത്ഥം രോഗബാധിതരില്‍ പകുതി പേരും രോഗവിമുക്തരായെന്നാണ്''- ആരോഗ്യ മന്ത്രാലയം പറയുന്നു. നിലവില്‍ 1,53,178 പേരാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുള്ളത്.

കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് രോഗവിമുക്തി നിരക്ക് 50ശതമാനമായിരുന്നു. 180,012 പേര്‍ ആശുപത്രി വിട്ടതോടെ രോഗമുക്തി നിരക്കിലും വര്‍ധനവുണ്ടായി.

ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,667 പേര്‍ക്കാണ് രോഗബാധയുണ്ടായത്. രോഗം ബാധിച്ച് 380 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 343,091 ആയി. അവസാനത്തെ കണക്കില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 9,900ആണ്.

രോഗബാധിതരുടെ എണ്ണം കുറക്കുന്നതിനേക്കാള്‍ മരണനിരക്ക് കുറയ്ക്കുന്നതിലാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ടെസ്റ്റിങ് വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കുറയ്ക്കുകയില്ലെങ്കിലും മുഖ്യ ശ്രദ്ധ മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലേക്ക് മാറുകയാണ്. രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നിലുള്ള വഴിയും അതാണ്. ഇക്കാര്യം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിക്കാനും സാധ്യതയുണ്ട്.

നാളെയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ചര്‍ച്ച നടത്തുക. തൊട്ടടുത്ത ദിവസം കൊവിഡ് ബാധ ഏറ്റവും ശക്തമായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങി 15 സംസ്ഥാനങ്ങളുമായി പ്രത്യേക ചര്‍ച്ച നടത്തും.

Next Story

RELATED STORIES

Share it