Latest News

കൊവിഡ്: റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്റെ ആദ്യബാച്ച് ഇന്ത്യയിലെത്തി

കൊവിഡ്: റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്റെ ആദ്യബാച്ച് ഇന്ത്യയിലെത്തി
X

ഹൈദരാബാദ്: റഷ്യയില്‍ നിര്‍മിച്ച സ്പുട്‌നിക് 5 ന്റെ ആദ്യബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. ആദ്യ ബാച്ചില്‍ 150,000 ഡോസ് വാക്‌സിനാണ് ഉള്ളത്. 3 ദശലക്ഷം വാക്‌സിന്‍ ഡോസ് അടങ്ങുന്ന അടുത്ത ബാച്ച് ഈ മാസം അവസാനം രാജ്യത്തെത്തും.

മോസ്‌കോയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് വാക്‌സിന്‍ കൊണ്ടുവന്നത്. ഡോ. റെഡ്ഡി ലബോറട്ടറിയാണ് സ്പുട്‌നിക് 5ന്റെ ഇന്ത്യയിലെ വിതരണക്കാര്‍.

ഇന്ത്യയില്‍ വിതരണം നടത്തുന്നതിനുമുമ്പ് വാക്‌സിന്‍ കസൂലിലെ സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കേണ്ടിവരും.

കൊവിഡിനെതിരേ 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് അവകാശപ്പെടുന്ന സ്പുട്‌നിക് 5 റഷ്യയിലെ ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചത്. ലോകത്ത് ആദ്യം നിര്‍മിച്ച കൊവിഡ് വാക്‌സിനുമാണ് ഇത്. നിലവില്‍ ലോകത്ത് 60 രാജ്യങ്ങള്‍ സ്പുട്‌നിക്കിന് അനുമതി നല്‍കിയിട്ടുണ്ട്.

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ്(ആര്‍ഡിഐഎഫ്) വാക്‌സിന്‍ നിര്‍മാണത്തിന് പണം മുടക്കിയത്. ഇന്ത്യയില്‍ പ്രതിമാസം 50 ദശലക്ഷം ഡോസ് വാക്സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് ആര്‍ഡിഐഎഫിന്റെ പ്രതീക്ഷ.

രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കൊവിഡ് വാക്സിന്‍ ആണ് സ്പുട്നിക്ക്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍. രാജ്യത്തെ ആരോഗ്യ മേഖലയെ സാരമായി ബാധിച്ച കൊവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിനെതിരേ ഇന്ത്യ പോരാടുകയാണ്.

Next Story

RELATED STORIES

Share it